യമനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ ദിനേശൻ ഉറ്റവരുടെ അരികിലെത്തി


പതിറ്റാണ്ടുകാലത്തെ കണ്ണീരും കാത്തിരിപ്പും പ്രാര്‍ഥനയും ഫലം കണ്ടു. യമനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ എടക്കുളം സ്വദേശി ദിനേശന്‍ ബുധനാഴ്ച ഉറ്റവരുടെ അരികിലെത്തി.പൂമംഗലം പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ താമസിച്ചിരുന്ന കുണ്ടൂര്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ദിനേശനാണ് (49) പത്തുവര്‍ഷത്തിന് ശേഷം നാട്ടിലെത്തിത്.

അച്ഛനെ നേരില്‍കണ്ട ഓര്‍മയില്ലാത്ത മക്കളായ പത്ത് വയസ്സുകാരന്‍ സായ് കൃഷ്ണയും 12 വയസ്സുകാരി കൃഷ്ണവേണിയും നിറകണ്ണുകളോടെയാണ് ദിനേശനെ വരവേറ്റത്. സാമ്ബത്തിക പ്രയാസത്തെ തുടര്‍ന്ന് ജീവിതം കരക്കടുപ്പിക്കാന്‍ 2014 നവംബറിലാണ് ദിനേശന്‍ യമനിലേക്ക് ടൈല്‍സ് ജോലിക്കായി പോയത്. യമനില്‍ എത്തി ആറാം മാസം അവിടെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധഭീതിക്കിടയില്‍ ജീവന്‍ പണയംവെച്ച്‌ ജീവിച്ച ദിനേശന് കടുത്ത ദുരിതങ്ങളാണ് നേരിടേണ്ടിവന്നത്.നാട്ടിലെ വീട് കടക്കെണിയില്‍ മുങ്ങി. ഭാര്യ അനിതയും മക്കളും വാടക വീടുകളിലേക്ക് താമസം മാറി. ദിനേശനെ തിരിച്ചുകൊണ്ടുവരാന്‍ ഭാര്യ അനിതയും സുഹൃത്തുക്കളും പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കടബാധ്യത മൂലം പത്ത് സെന്റ് സ്ഥലവും വീടും സഹകരണ ബാങ്കിന്റെ ജപ്തിയിലായി.

മകനെ അവസാനമായി ഒരു നോക്കു കാണാന്‍ ആഗ്രഹിച്ചിരുന്ന അമ്മ കല്യാണി 2015ല്‍ മരണമടഞ്ഞു. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അനിത തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പ്രവേശിച്ചു. വീട് ജപ്തിയായതോടെ അനിതയും രണ്ടു കുഞ്ഞുമക്കളും സഹോദരന്‍ അനിലിന്റെ പറപ്പൂക്കര നെടുമ്ബാളിലുള്ള വീട്ടിലേക്ക് താമസം മാറ്റി. ഇതിനിടെയാണ് വിഷയം എടക്കുളം സ്വദേശിയായ ഉണ്ണി പൂമംഗലം പൊതുപ്രവര്‍ത്തകനായ വിപിന്‍ പാറമേക്കാട്ടിലിനോട് അവതരിപ്പിച്ചത്.19 വര്‍ഷം പ്രവാസിയായിരുന്ന വിപിന്‍ തന്റെ ഗള്‍ഫിലുള്ള ബന്ധങ്ങള്‍ ഉപയോഗിച്ച്‌ ദിനേശനെ കണ്ടുപിടിക്കാന്‍ ശ്രമം ആരംഭിച്ചു. ദിനേശനുള്ള സ്ഥലം കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരികെയെത്തിക്കാൻ ശ്രമം തുടങ്ങി. സ്പോണ്‍സറുടെ കൈയില്‍നിന്ന് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതും യുദ്ധസമാന അന്തരീക്ഷവും വെല്ലുവിളിയായി.

കോട്ടയം സ്വദേശി ഷിജു ജോസഫ്, സാമൂഹിക പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം എന്നിവരും ഇടപെട്ടു. പാസ്‌പോര്‍ട്ടിനുള്ള പണവും പാസ്‌പോര്‍ട്ട് ഇല്ലാതെ താമസിച്ചതിനുള്ള പിഴയും അടക്കം വലിയ തുക അയച്ചുനല്‍കി. വിമാന ടിക്കറ്റും വിപിനാണ് എടുത്തുനല്‍കിയത്. ദിനേശൻ പൂമംഗലത്തെ കാടുപിടിച്ച്‌ ജപ്തിയില്‍ കിടക്കുന്ന വീട്ടിലെത്തിയ ശേഷമാണ് ഭാര്യയും മക്കളും ഇപ്പോള്‍ താമസിക്കുന്ന നെടുമ്ബാളിലേക്ക് പോയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍