പുരയിടത്തിലൂടെ വഴി നടക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ മതിലകം എമ്മാട് ഒരു കുടുംബത്തിലെ അംഗങ്ങൾ ഉൾപ്പടെ നാല് പേരെ ആക്രമിക്കുകയും, കാറും ബൈക്കും തകർക്കുകയും ചെയ്ത കേസിലെ പ്രതിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു.
എമ്മാട് കളത്തിൽ വീട്ടിൽ രഞ്ജിത്ത് (33) നെയാണ് അറസ്റ്റ് ചെയ്തത്.
ഈ കേസിൽ പ്രതികളായ ശ്രീജിത്ത്, ബാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുറച്ച് മാസം മുമ്പ് കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിനോട് പരാതിക്കാരനായ പ്രദീപ് കുമാർ തൻെറ എമ്മാടുളള പറമ്പിലൂടെ വഴി നടക്കരുത് എന്ന് പറഞ്ഞതിലുള്ള വിരോധത്താലായിരുന്നു ആക്രമണം.
ഇക്കഴിഞ്ഞ പതിനാറാം തിയ്യതിയായിരുന്നു സംഭവം. വൈകീട്ട് ആറ് മണിയോടെ പണി കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്ന പ്രദീപ് കുമാറിനെ എമ്മാട് കളത്തിൽ ക്ഷേത്രത്തിന് സമീപം വെച്ച് പട്ടിക വടി കൊണ്ട് തലയിൽ അടിക്കുകയും, താഴെ വീണ പ്രദീപിനെ മര വടി കൊണ്ട് അടിച്ച് മുഖത്തെ എല്ല് പൊട്ടലേൽക്കുകയും ചെയ്തിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ പ്രദീപിൻ്റെ അനുജൻ ദിലീപിനും, പ്രദീപിൻ്റെ ഭാര്യ ഷീബക്കും മർദ്ദനമേറ്റിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാനായി എത്തിയ അയൽവാസി നിസാറിന്റെ കാറിൻ്റെ ചില്ല് പ്രതികൾ കല്ലെടുത്ത് എറിഞ്ഞ് പൊട്ടിക്കുകയും പട്ടികവടി കൊണ്ട് ബൈക്ക് അടിച്ച് തകർക്കുകയും ചെയ്തിരുന്നു. മതിലകം പൊലീസ് ഇൻസ്പെക്ടർ എം കെ ഷാജി, എസ്.ഐ രമ്യ കാർത്തികേയൻ, എ.എസ്.ഐ അസ്മാബി എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.
0 അഭിപ്രായങ്ങള്‍