ആവേശം മോഡല്‍ പിറന്നാളാഘോഷം പൊളിച്ചതിനുള്ള വൈരാഗ്യത്തില്‍ പോലീസ് സ്റ്റേഷനും കമ്മിഷണ്‍ ഓഫീസും ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ട തീക്കാറ്റ് സാജന് പിടിയില്‍.ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ ഹൈദരാബാദില്‍നിന്നാണ് പിടികൂടിയത്.കഴിഞ്ഞ വർഷം ജൂലായ് ഏഴിനാണ് പ്രായപൂർത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ആവേശം മോഡല്‍ പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെ പോലീസ് പിടികൂടിയത്. തേക്കിൻകാട് മൈതാനത്തായിരുന്നു ആഘോഷ പരിപാടികള്‍ നടത്താൻ നിശ്ചയിച്ചിരുന്നത്. സാജൻ ആവേശം മോഡലില്‍ അനുയായികള്‍ക്കിടിയിലേക്കെത്തി കേക്ക് മുറിക്കുന്നതിന്റെ റീല്‍സ് എടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സാജനെത്തും മുൻപ് വിവരമറിഞ്ഞ പോലീസ് മുഴുവൻ പേരെയും കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാവാത്ത കുട്ടികളുള്‍പ്പെടെ 32 പേരാണ് സംഘത്തിലുണ്ടായിരുന്നത്. സാജനെ പിടികൂടാൻ പോലീസിനു കഴിഞ്ഞിരുന്നില്ല.പ്രായപൂർത്തിയാകാത്തവരെ താക്കീത് നല്‍കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ള 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ അനുയായികളെ വിട്ടയച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷനും കമ്മിഷണർ ഓഫീസും ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഫോണില്‍ ഭീഷണി. തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കാണ് ഭീഷണിയെത്തിയത്.മൂന്ന് കൊലപാതകമുള്‍പ്പെടെ 12 കേസുകളില്‍ പ്രതിയാണ് പുത്തൂർ സ്വദേശിയായ സാജൻ. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാള്‍ തന്റെ സംഘത്തിലേക്ക് ആളുകളെ കണ്ടെത്തുന്നത്.
0 അഭിപ്രായങ്ങള്‍