കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 8055 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 64440 രൂപയും. ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 70000 രൂപ ചുരുങ്ങിയത് ചെലവ് വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്ബോഴാണിത്. അഞ്ച് ശതമാനം കുറഞ്ഞ പണിക്കിലിയും മൂന്ന് ശതമാനം ജിഎസ്ടിയും ആഭരണത്തിന് നല്‍കേണ്ടതുണ്ട്.
അതേസമയം, 22 കാരറ്റ് സ്വര്‍ണം വില കൂടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ 18 കാരറ്റിലേക്ക് തിരിഞ്ഞിട്ടുണ്ട്. കൂടുതല്‍ ഉപഭോക്താക്കള്‍ 18 കാരറ്റ് സ്വര്‍ണം ചോദിച്ചുവരുന്നു എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. 75 ശതമാനം സ്വര്‍ണവും 25 ശതമാനം മറ്റു ലോഹങ്ങളും ഉള്‍പ്പെടുന്ന സ്വര്‍ണമാണ് 18 കാരറ്റ്. ഇന്ന് ഈ കാരറ്റിലുള്ള ഒരു ഗ്രാം സ്വര്‍ണത്തിന് 6625 രൂപയായി. അഞ്ച് രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
22 കാരറ്റിലെ ആഭരണങ്ങള്‍ നിര്‍മിക്കുന്നത് എല്ലായിടത്തും മെഷീന്‍ ഉപയോഗിച്ചാണ്. എന്നാല്‍ 18 കാരറ്റിലുള്ള സ്വര്‍ണത്തില്‍ ആഭരണം തയ്യാറാക്കുന്നതിന് മെഷീന്‍ സാര്‍വത്രികമായി ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ പണിക്കൂലി കൂടും. 18 കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടാന്‍ ഇതൊരു കാരണമാണ്. എന്നാല്‍ ഉപഭോക്താക്കള്‍ ഇനിയും കൂടിയാല്‍ എല്ലാ ജ്വല്ലറികളിലും ആഭരണ നിര്‍മാണത്തിന് മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയേക്കും.