കൊടകരയിലെ വീട്ടിൽ കവർച്ച;നഷ്ടപ്പെട്ടത് 8 പവൻ സ്വർണ്ണമെന്ന് പോലീസ്


കൊടകര പെരിങ്ങാംകുളത്ത് ആളില്ലാത്ത വീട്ടില്‍ നടന്ന കവർച്ചയില്‍ നഷ്ടപ്പെട്ടത് എട്ടുപവന്റെ ആഭരണങ്ങളെന്ന് പോലീസ്.പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 53 പവന്റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും സ്ഥലത്തില്ലാതിരുന്ന വീട്ടുടമ തിരിച്ചെത്തി പരിശോധന നടത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് അറിയിച്ചു. പെരിങ്ങാംകുളം കൈപ്പിള്ളി രാധാകൃഷ്ണന്റെ അടഞ്ഞു കിടന്ന വീടിന്റെ കിടപ്പുമുറിയുടെ ജനല്‍ ഗ്രില്‍ പൊളിച്ച്‌ അകത്തുകടന്ന് മോഷണം നടന്നതായി വീട്ടുജോലിക്കായി വന്നിരുന്ന സ്ത്രീ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാനില്‍ യാത്ര പോയിരുന്ന രാധാകൃഷ്ണനോടും കുടുംബത്തോടും പാലക്കാടുള്ള മരുമകളോടും അന്വേഷിച്ചതില്‍ വീട്ടില്‍നിന്ന് 53 പവൻ സ്വർണാഭരണങ്ങള്‍ പോയതായി പറഞ്ഞ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് രാജസ്ഥാൻ ടൂർ കഴിഞ്ഞ് എത്തിയ രാധാകൃഷ്ണനും കുടുംബവും വിശദമായി വീട് പരിശോധിച്ചപ്പോഴാണ് മരുമകള്‍ ഉപയോഗിച്ചിരുന്ന എട്ടുപവൻ തൂക്കം വരുന്ന സ്വർണം മാത്രമേ മോഷണം പോയിട്ടുള്ളൂ എന്ന് മനസിലായത്. പൊലീസിന്റെ നിർദേശാനുസരണം രാധാകൃഷ്ണന്റെ കൈവശമുള്ള 45 പവൻ സ്വർണം സേഫ് ലോക്കറില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കവർച്ച നടത്തിയ പ്രതികളെ പിടികൂടാൻ ഊർജിതമായ അന്വേഷണം കൊടകര എസ്.എച്ച്‌.ഒയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍