എയർ ഗണ്‍ ഉപയോഗിച്ച്‌ ബന്ധുവീട്ടിലേക്ക് വെടിയുതിർത്ത യുവാവ് അറസ്റ്റിൽ


എയർ ഗണ്‍ ഉപയോഗിച്ച്‌ ബന്ധുവീട്ടിലേക്ക് വെടിയുതിർത്ത യുവാവിനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വലപ്പാട് ബീച്ചില്‍ താമസിക്കുന്ന കിഴക്കൻ വീട്ടില്‍ ജിത്തിനെ (35) നാട്ടുകാർ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.കൊലപാതക കേസ് ചുമത്തിയ ജിത്തിനെ കോടതി റിമാൻഡ് ചെയ്തു. സമീപത്ത് താമസിക്കുന്ന പിതൃസഹോദരിയുടെ വീടിനു നേരെ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് ജിത്ത് വെടിവെച്ചത്.പാമ്ബുകടിയേറ്റ് ചികിത്സയിലുള്ള പിതൃസഹോദരിയെ കാണാൻ അമിതമായി മദ്യപിച്ച്‌ വീട്ടിലെത്തിയ ജിത്തിനോട് ഇവരുടെ മകൻ ഹരിയുടെ ഭാര്യ മദ്യപിച്ച്‌ വീട്ടില്‍ വരരുതെന്ന് പറഞ്ഞതാണ് വൈരാഗ്യത്തിന് കാരണം. വെടിവെപ്പില്‍ വെടിയുണ്ട തറച്ച്‌ വീടിന്റെ വാതിലിന് കേടുപാട് സംഭവിച്ചു. ഹരിയുടെ ഭാര്യയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സംഭവസ്ഥലത്തെത്തി രണ്ട് എയർ ഗണ്ണുകളും പെല്ലറ്റുകളും സഹിതം ജിത്തിനെ പിടികൂടുകയായിരുന്നു. എസ്.എച്ച്‌.ഒ എം.കെ. രമേഷ്, എസ്.ഐമാരായ സി.എൻ. എബിൻ, ആന്റണി ജിമ്ബിള്‍, പ്രബേഷനറി എസ്.ഐ ജിഷ്ണു, എസ്.സി.പി.ഒ അനൂപ്, സി.പി.ഒ സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് ജിത്തിനെ അറസ്റ്റ് ചെയ്തത്. ജിത്തിന്റെ പേരില്‍ വലപ്പാട് അടിപിടി, വീട്ടില്‍ അതിക്രമിച്ച്‌ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതടക്കം ആറ് ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍