എം.ഡി.എം.എ കൈവശം വച്ചതിന് കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വാഹനത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാളെയും, പ്രതികൾക്ക് എം.ഡി.എം.എ എത്തിക്കുന്നയാളെയും മതിലകം പോലീസ് പിടികൂടി. കൂരിക്കുഴി സ്വദേശി കല്ലുങ്ങൽ സ്വദേശി മുസമ്മിൽ (28) കൊടുങ്ങല്ലൂർ പടാകുളം സ്വദേശി വൈപ്പിൻ കാട്ടിൽ നിസ്താഫിർ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 18നാണ് പുന്നക്കബസാറിൽ കാറിൽ നിന്ന് 5.38 ഗ്രാം കഞ്ചാവ് മതിലകം പോലീസ് പിടികൂടുകയും, രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഇവരെ വാഹനത്തിൽ സ്റ്റേഷനിലെത്തിക്കുന്ന നേരം ഇരുവരും വാഹനത്തിന്റെ ഡോർ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരാളായ മുസമ്മിലിനെ പോലീസ് പിന്തുടർന്ന് പിടികൂടി. കോതപറമ്പ് സ്വദേശി ഫാരിഷിനെ പിടികൂടുന്നതിനു വേണ്ട അന്വേഷണങ്ങൾ പോലീസ് നടത്തി വരികയാണ്.
തുടർന്ന് ഈ കേസിലെ അന്വേഷണം നടത്തിയതിൽ പ്രതികൾക്ക് എം.ഡി.എം.എ നൽകിയ നിസ്താഫിറിനെയും പോലീസ് അറസ്റ്റ് ചെയ്തു. നിസ്താഫിർ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ എൻ.ഡി.പി.എസ് കേസിലെയും, കയ്പമംഗലം പോലീസ് സ്റ്റേഷനിലെ പോക്സോ കേസിലെയും പ്രതിയാണ്.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, എം.കെ.ഷാജി, സബ്ബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, മുഹമദ് റാഫി, റിജി, സഹദ്, സ്പെഷൽ ബ്രാഞ്ച് സബ്ബ് ഇൻസ്പെക്ടർ അഷ്റഫ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ പ്രജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബ്, വിപിൻദാസ്, ആന്റണി, ഷനിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
0 അഭിപ്രായങ്ങള്‍