അഞ്ച് വർഷം മുൻപ് അടച്ചുപൂട്ടിയ അളഗപ്പ ടെക്സ്റ്റയിൽസ് തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും പ്രകടനവും നടത്തി.
കോവിഡ് വ്യാപനം തടയാനെന്ന പേരിൽ 2020 മാർച്ച് 23 നാണ് ആമ്പല്ലൂരിലെ അളഗപ്പ മില്ലിൻ്റെ പ്രവർത്തനം നിർത്തി വെച്ചത്. തൊഴിലാളികൾക്ക് നൽകി വന്നിരുന്ന സാമാശ്വാസ വേതനം നവംബർ മുതൽ നൽകിയിട്ടില്ല. 300 ൽ പരം വരുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളും ദുരിതത്തിലാണ്. മിൽ അടച്ചതിന്റെ അഞ്ചാം വാർഷിക ദിനമായ ഞായറാഴ്ച മിൽ ഗേറ്റിൽ നടത്തിയ പ്രതിഷേധ ധർണയും പ്രകടനവും ഡിസിസി ജനറൽ സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയൻ നേതാക്കളായ കെ .ഉണ്ണികൃഷ്ണൻ, ആന്റോ ഇല്ലിക്കൽ, എം. തുളസീദാസൻ എന്നിവർ സംസാരിച്ചു. കെ.ഡി. ഷാജി, സുനിത, മുരളി, പ്രീതി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.മിൽ തുറന്നു പ്രവർത്തിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ആവശ്യപ്പെട്ടു.