പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കുന്ന ഉത്തരവിൽ അന്തിമ തീരുമാനം 28ന്


മണ്ണുത്തി അങ്കമാലി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ഒരാഴ്ചക്കുള്ളിൽ പരിഹാരം കാണുമെന്ന് ദേശീയപാത അതോറിറ്റി.ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് അതോറിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചത്.
അതേസമയം കുരുക്കു സംബന്ധിച്ചു പരിശോധന നടത്തി 28നു റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ്, ആർടിഒ, ചാലക്കുടി തഹസില്‍ദാർ എന്നിവർക്കു ജില്ലാ കളക്ടർ നിർദേശം നല്കി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ടോള്‍ പിരിവ് നിർത്തിവയ്ക്കുന്ന ഉത്തരവു സംബന്ധിച്ച്‌ അന്തിമതീരുമാനമെടുക്കുമെന്നും കളക്ടർ അറിയിച്ചു.
ഗതാഗതക്കുരുക്ക് രൂക്ഷമായ മേഖലകളില്‍ ട്രാഫിക് വാർഡൻമാരെ നിയമിക്കണമെന്നു പോലീസിനും ദേശീയപാത അഥോറിറ്റിക്കും നിർദേശം നല്കി. ഗതാഗതം വഴിതിരിച്ചുവിടുന്ന സ്ഥലങ്ങളില്‍ സൈൻ ബോർഡുകള്‍ ഇല്ല. രാത്രിയിലും കാണാനാകുന്ന ലൈറ്റിംഗ് സംവിധാനം വേണം. കൃത്യമായ ഇടവേളകളില്‍ സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂർത്തീകരിക്കണം. ദേശീയപാതയില്‍നിന്ന് സർവീസ് റോഡിലേക്കു വഴിതിരിച്ചുവിടുന്ന സ്ഥലങ്ങളിലെ തടസങ്ങള്‍ നീക്കണമെന്നും നിർദേശിച്ചു.
ഗതാഗതം വഴിതിരിച്ചുവിടുന്നതിനെക്കുറിച്ച്‌ തീരുമാനമെടുക്കുവാൻ പോലീസിനും ആർടിഒയ്ക്കും നിർദേശം നല്‍കി. ഗതാഗതസംവിധാനത്തെക്കുറിച്ച്‌ എല്ലാ ആഴ്ചയിലും ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അവലോകനം നടത്തും.
ഗതാഗതം തിരിച്ചുവിടുന്ന സ്ഥലങ്ങളില്‍ വിവിധ ഭാഷകളിലുള്ള ബോർഡുകള്‍ സ്ഥാപിക്കും. മുരിങ്ങൂർ, ചിറങ്ങര മേഖലകളില്‍ ബസ് സ്റ്റോപ്പ് ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ താത്കാലികമായി മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യമുയർന്നു. ഇക്കാര്യം പരിശോധിച്ചു നടപടി സ്വീകരിക്കാമെന്ന് ആർടിഒ അറിയിച്ചു.
സർവീസ് റോഡുകളിലെ കാനകളില്‍ തടസമുള്ളതിനാല്‍ ചെറിയ മഴയ്ക്കുപോലും വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നതായി റൂറല്‍ എസ്പി ബി. കൃഷ്ണദാസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ മഴയത്തു മണിക്കൂറുകള്‍നീണ്ട ഗതാഗതക്കുരുക്കാണ് ദേശീയപാതയില്‍ ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി. നിലവില്‍ നിർമാണം നടക്കുന്ന സ്ഥലങ്ങളില്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും റൂറല്‍ എസ്പി അറിയിച്ചു. ഇക്കാര്യത്തില്‍ ഉടൻ പരിഹാരം കാണാൻ കളക്ടർ ദേശീയപാത അഥോറിറ്റിയോടു പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേർന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടർ സി.എസ്. സ്മിതറാണി, തഹസില്‍ദാർമാർ, പോലീസ് ഉദ്യേഗസ്ഥർ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയപാത അഥോറിറ്റി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price