ആറാട്ടുപുഴ പൂരത്തിന് കൊടിയേറി. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്രം ഊരാളൻ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, ചോരഞ്ചേടത്ത് പുരുഷോത്തമൻ നമ്പൂതിരി, ശ്രീകുമാർ നമ്പൂതിരി, ഓട്ടൂർമേക്കാട്ട് ജയൻ നമ്പൂതിരി, വിനോദ് നമ്പൂതിരി, വിശാഖ് നമ്പൂതിരി കപ്ലിങ്ങാട്ട് ബാബു നമ്പൂതിരി, ദിലീപ് നമ്പൂതിരി, ബാലകൃഷ്ണൻ നമ്പൂതിരി, ബിജു നമ്പൂതിരി
എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം.
വൈകുന്നേരം 4ന് ശാസ്താവിന് ദ്രവ്യം സമർപ്പണം നടന്നു. ദേശത്തെ ആചാരിയുടെ നേതൃത്വത്തിൽ ദേശക്കാർ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് ലക്ഷണമൊത്ത കവുങ്ങ് മുറിക്കാൻ പോയത്. അവിടെ നിന്നും അത്യുത്സാഹപൂർവ്വം ആർപ്പും കുരവയുമായി കൊണ്ടുവന്ന കവുങ്ങ് ചെത്തിമിനുക്കിയാണ് കൊടിമരമാക്കിയത്. ശാസ്താവിന്റെ നിലപാടുതറക്ക് സമീപം മാടമ്പി വിളക്ക് തെളിയിച്ച് ദേവസ്വം അധികാരി നെൽപറ നിറച്ചതിനുശേഷമാണ് കവുങ്ങ് ചെത്തിമിനുക്കിയത്. ക്ഷേത്രനടപ്പുരയിൽ വെച്ച് ഒന്നിടവിട്ട് ആലിലകളും മാവിലകളും 7 സ്ഥാനങ്ങളിൽ ചാർത്തി കൊടിമരം അലങ്കരിച്ചു. കൊടിമര കയ്യിൽ കൊടിക്കുറ അലങ്കരിച്ച കൊടിമരം 8.30 ന് ദേശക്കാരാണ് ഉയർത്തിയത്. തുടർന്ന് ക്ഷേത്രം ഊരാളന്മാർ ദർഭപ്പുല്ല് കൊടിമരത്തിൽ ബന്ധിപ്പിച്ചു.
വാദ്യഘോഷങ്ങളൊന്നുമില്ലാതെ ചമയങ്ങളില്ലാത്ത ഒരു ഗജവീരന്റെ പുറത്ത് ഊരാളൻ കുടുംബാംഗത്തെ കയറ്റി കുത്തുവിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിർത്തി വരെ ആനയിച്ചു. അവിടെ വെച്ച് അടിയന്തിരം മാരാർ ശംഖധ്വനി മുഴക്കി. തുടർന്ന് തൃപുട താളത്തിൽ വാദ്യഘോഷങ്ങളോടെ ആർപ്പും കുരവയുമായി ജനസഞ്ചയം ക്ഷേത്രത്തിലേക്ക് മടങ്ങി.
തൃപുട മേളം ക്ഷേത്രനടപ്പുരയിൽ കലാശിച്ചു. ബലിക്കല്ലിനു സമീപം മാടമ്പി വിളക്ക്, നിറപറ, വെള്ളരി, എന്നിവയുടെ സാന്നിദ്ധ്യത്തിൽ 2 നാളികേരം ഉടച്ചു വെച്ചു. തുടർന്ന് അടിയന്തിരം മാരാർ കിഴക്കോട്ട് തിരിഞ്ഞ് ശാസ്താവിനെ തൊഴുത് "ക്ഷേത്രം ഊരാളന്മാർ മുഖമണ്ഡപത്തിൽ എഴുന്നെള്ളിയിട്ടില്ലേ " എന്നും "സമുദായം നമ്പൂതിരിമാർ വാതിൽമാടത്തിൽ എത്തിയിട്ടില്ലേ " എന്നും 3 തവണ ചോദിച്ചു. വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് "ആറാട്ടുപുഴ ശാസ്താവിന്റ പൂരം പുറപ്പാടിന് കൂട്ടിക്കൊട്ട് കൊട്ടട്ടെ " എന്നും അതിനു ശേഷം പടിഞ്ഞാട്ട് തിരിഞ്ഞ് ഇതു തന്നെ 3 തവണ കൂടി ചോദിച്ചു. 3 പ്രാവശ്യം ശംഖു വിളിച്ച് വലംതലയിൽ പൂരം കൊട്ടിവെച്ചതോടുകൂടി കൊടിയേറ്റ ചടങ്ങുകൾ പര്യവസാനിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ,
ബോർഡ് അംഗം അഡ്വ. കെ.പി. അജയൻ, കമ്മീഷണർ എസ്. ആർ. ഉദയകുമാർ, സെക്രട്ടറി പി.ബിന്ദു,
ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, തിരുവഞ്ചിക്കുളം അസി. കമ്മീഷണർ എം.ആർ. മിനി, റവന്യൂ ഇൻസ്പെക്ടർ കെ.വി. വിനീത, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ എന്നിവർ പങ്കെടുത്തു.