കംബോഡിയൻ സൈബർ തട്ടിപ്പ് സംഘത്തിലെ രണ്ട് മലയാളികളെ തൃശൂർ സൈബർ പോലീസ് പിടികൂടി.മലപ്പുറം സ്വദേശി അഞ്ജു ബാബു(31), മലപ്പുറം ചുങ്കത്തറ എടമല പൊട്ടാരത്ത് വീട്ടില്‍ മുഹമ്മദ് ഹാഷിക്ക് (28) എന്നിവരെയാണ് കംബോഡിയയില്‍നിന്ന് വരുന്ന വഴി ബെംഗളൂരു എയർപോർട്ടില്‍വച്ച് തൃശ്ശൂർ പോലീസ് പിടികൂടിയത്.മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് തട്ടിപ്പിന് തുടക്കം. തൃശ്ശൂർ സ്വദേശിയുമായി പരിചയപ്പെട്ട യുവതി വിവാഹവാഗ്ദാനം നല്‍കി വിശ്വാസം നേടുകയായിരുന്നു. തുടർന്ന് ക്രിപ്റ്റോ കറൻസി ട്രേഡിലൂടെ വൻതുക സമ്ബാദിക്കാമെന്ന് വിശ്വസിപ്പിച്ചു. ഇതിനായാണ് ഒരു ലക്ഷം രൂപ വാങ്ങിയത്. 2024 മേയ് മാസത്തില്‍ വാങ്ങിയ പണം തിരിച്ചുകിട്ടാതായതിനെത്തുടർന്നാണ് പോലീസില്‍ പരാതിപ്പെട്ടത്.അന്വേഷണത്തില്‍ കംബോഡിയയിലെ ഒരു സംഘത്തിലെ രണ്ടു കണ്ണികളാണ് പ്രതികളെന്ന് മനസ്സിലായി. പ്രതികള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കംബോഡിയയില്‍നിന്ന് നാട്ടിലേക്ക് വരുംവഴി ബെംഗളൂരു പോലീസ് പ്രതികളെ തടഞ്ഞുവെച്ച് തൃശ്ശൂർ സൈബർക്രൈം പോലീസിനെ അറിയിക്കുകയായിരുന്നു.സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ സബ് ഇൻസ്പെക്ടർമാരായ കെ. ജയൻ, ആർ.എൻ. ഫൈസല്‍, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി. പ്രതിഭ, സിവില്‍ പോലീസ് ഓഫീസർമാരായ വിബി അനൂപ്, ടി.സി.ചന്ദ്രപ്രകാശ് എന്നിവരാണുണ്ടായിരുന്നത്.