വീട്ടിനുള്ളിൽ സ്റ്റാർട്ട് ചെയ്ത് വെച്ച ബൈക്കിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ഒരേ കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാമചന്ദ്രയ്യ (70), പേരക്കുട്ടികളായ കാർത്തിക് (15), ഇരട്ട സഹോദരിമാരായ ചരിത, ചന്ദന എന്നിവരാണ് കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ് ഉറക്കത്തിൽ തന്നെ മരണപ്പെട്ടത്. വീട്ടിനുള്ളിൽ പുക നിറഞ്ഞത് അറിയാതെയാണ് ഇവർ ഉറങ്ങിയിരുന്നത്.
രാമചന്ദ്രയ്യയുടെ മകൻ മുരളി, അറ്റകുറ്റപ്പണി കഴിഞ്ഞ ബൈക്കിന്റെ എൻജിൻ രാത്രി മുഴുവൻ പ്രവർത്തിപ്പിക്കണമെന്ന മെക്കാനിക്കിന്റെ നിർദ്ദേശപ്രകാരമാണ് വീട്ടിനുള്ളിൽ വാഹനം സ്റ്റാർട്ട് ചെയ്ത് വെച്ചത്. പുക പുറത്തേക്ക് പോകാതിരിക്കാൻ മുറിയുടെ വാതിലുകളും ജനലുകളും അടച്ചിരുന്നു. മുരളിയും ഭാര്യയും ടെറസിൽ ഉറങ്ങിയതിനാൽ ഇവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ താഴത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന കുട്ടികളും മുത്തച്ഛനും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
Also Read: ലോകം വിറച്ചപ്പോഴും ഇന്ത്യയ്ക്ക് വഴിമാറി ഹോർമുസ്; ജയശങ്കറിന്റെ നയതന്ത്ര മാസ്റ്റർ ക്ലാസ്!
പിറ്റേന്ന് രാവിലെ മുറി തുറന്നപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അടച്ചിട്ട മുറിയിൽ വാഹനം പ്രവർത്തിപ്പിച്ചപ്പോൾ ഉണ്ടായ കാർബൺ മോണോക്സൈഡ് എന്ന മാരക വാതകമാണ് ദുരന്തത്തിന് കാരണമായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശ്രദ്ധമായ ഇത്തരം പ്രവർത്തികൾ ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
The post വീട്ടിനുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വെച്ചു; ആന്ധ്രാപ്രദേശിൽ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു appeared first on Express Kerala.




