പ്രവാസികളുടെ ആശങ്ക പരിഹരിക്കണം; അമിത വിമാന നിരക്കിൽ കേന്ദ്ര ഇടപെടൽ തേടി മുഖ്യമന്ത്രി

പ്രവാസികളുടെ ആശങ്ക പരിഹരിക്കണം; അമിത വിമാന നിരക്കിൽ കേന്ദ്ര ഇടപെടൽ തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഗൾഫ് പ്രവാസികൾ നേരിടുന്ന കടുത്ത യാത്രാപ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഭ്യമായ വിമാനങ്ങൾക്ക് പോലും അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് പ്രവാസികളെ വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പ്രവാസികളുടെ ആശങ്കകൾ പങ്കുവെച്ചത്.

പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വിമാന സർവീസുകളുടെ അഭാവം വലിയ തിരിച്ചടിയായിരിക്കുകയാണ്. ലഭ്യമായ വിമാനങ്ങളിൽ അമിത തിരക്കും നിയന്ത്രണമില്ലാത്ത ടിക്കറ്റ് നിരക്കുമാണ് ഈടാക്കുന്നത്. നാട്ടിലെത്തിയാൽ സംഘർഷാവസ്ഥ കാരണം തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങാൻ കഴിയുമോ എന്ന ഭയം പ്രവാസികളെ അസ്വസ്ഥരാക്കുന്നു. കൃത്യസമയത്ത് മടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയും ശക്തമാണ്.

Also Read: ചോല വെട്ടുന്നതിനിടെ അപകടം; ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു

കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് കൂടുതൽ വിമാന സർവീസുകൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികൾ നമ്മുടെ നാടിന്റെ അഭേദ്യ ഭാഗമാണ്. ഈദ് പോലുള്ള ആഘോഷവേളയിൽ അവരുടെ മനസ്സിൽ ആശ്വാസവും ആത്മവിശ്വാസവും നൽകാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണം, അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ലോകകേരള സഭാംഗങ്ങളെയും ഗൾഫ് നാടുകളിലെ പ്രവാസി സംഘടനകളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇത്തരം കൂട്ടായ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഏത് പ്രതിസന്ധിയിലും പ്രവാസി സഹോദരങ്ങൾക്കൊപ്പം കേരളമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post പ്രവാസികളുടെ ആശങ്ക പരിഹരിക്കണം; അമിത വിമാന നിരക്കിൽ കേന്ദ്ര ഇടപെടൽ തേടി മുഖ്യമന്ത്രി appeared first on Express Kerala.

Spread the love
Scroll to Top