September 7, 2026

ഇരിങ്ങാലക്കുടയിലേക്ക് വീണ്ടും അധ്യാപക അവാർഡ്

ഇരിങ്ങാലക്കുടയിലേക്ക് വീണ്ടും അധ്യാപക അവാർഡ്

ഇരിങ്ങാലക്കുടയിലേക്ക് വീണ്ടും അധ്യാപക അവാർഡ്; ജെനിൽ ജോണിനുള്ള അംഗീകാരം ദേശീയ തലത്തിൽ ശ്രദ്ധ നേടിയ വാട്ടർ ബെൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ ആവിഷ്ക്കാരത്തിന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലേക്ക് വീണ്ടും സംസ്ഥാന അധ്യാപക അവാർഡ്. ഇരിങ്ങാലക്കുട മടത്തിക്കര സ്വദേശി യും ക്രൈസ്റ്റ് കോളേജ് റിട്ട സൂപ്രണ്ട് ജോണിൻ്റെ മകനുമായ മടത്തിക്കര കിഴക്കേ വീട്ടിൽ ജെനിൽ ജോണിനെ തേടിയാണ് സംസ്ഥാനതലത്തിലുള്ള അംഗീകാരം എത്തിയിരിക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യ ,കായിക മേഖലകളിൽ നടത്തിയ ഇടപെടലുകളാണ് തലോർ സെൻ്റ് തെരസിറ്റാസ് യുപി സ്‌കൂളിലെ കായികവിഭാഗം അധ്യാപകനായ ജെനിൽ ജോണിന് പുരസ്‌കാരം നേടികൊടുത്തിരിക്കുന്നത്. വിദ്യാർഥികളിൽ ജലപാനശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ 2016 ൽ ജെനിൽ ആവിഷ്ക്കരിച്ച വാട്ടർബെൽ പദ്ധതി ദേശീയതലത്തിൽ ശ്രദ്ധ നേടി. ഉപജില്ല കായിക മേളയിൽ തലോർ സ്‌കൂളിനെ കഴിഞ്ഞ 14 വർഷങ്ങളിലും ജേതാക്കൾ ആക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. കോവിഡ് ഘട്ടത്തിൽ ഓൺലൈൻ പഠനം സംബന്ധിച്ച സംസ്ഥാനതല കമ്മിറ്റിയിൽ അംഗമായിരുന്നു. ഇന്ത്യൻ ഹാൻഡ് ബോൾ ടീം അംഗമായി നാല് അന്താരാഷ്ട്ര മൽസരങ്ങളിൽ കളിച്ചിട്ടുള്ള ജെനിൽ ജോൺ ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര നാടകോൽസവത്തിൽ പങ്കെടുത്തിട്ടുണ്ട്. കേശദാനത്തിൻ്റെ പ്രാധാന്യം എടുത്ത് പറയുന്ന ” മൊട്ടത്തലച്ചി ” ഉൾപ്പെടെ 25 ഓളം ഷോർട്ട് ഫിലിമുകൾ നിർമ്മിച്ചിട്ടുണ്ട്. സ്പോർട്സ് സൈക്കോളജിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കനേഡിയൻ ജേണലിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010 ൽ ചേലക്കര പങ്ങാരപ്പിള്ളി സെൻ്റ് ജോസഫ് യു പി സ്‌കൂളിൽ നിന്നാണ് അധ്യാപക ജീവിതം ആരംഭിച്ചത്. നേരത്തെ ക്രൈസ്റ്റ് കോളേജിലും മാള ബിഎഡ് കോളേജിലും ഗസ്റ്റ് അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ഫിസിക്കൽ എഡ്യൂക്കേഷനിൽ എം ജി സർവകലാശാലയിൽ നിന്നും എം ഫിൽ ബിരുദം നേടിയിട്ടുള്ള ജെനിൽ ജോൺ സ്പോർട്സ് സൈക്കോളജിയിൽ നടത്തുന്ന ഗവേഷണത്തിൻ്റെ അവസാനഘട്ടത്തിലാണ്. എസ്ബിഐ ഉദ്യോഗസ്ഥയായ സോണിയയാണ് ഭാര്യ. ജോവന്ന , ഡൊമിനിക് എന്നിവർ മക്കളാണ്. സംസ്ഥാനതലത്തിലുള്ള അംഗീകാരം നേടിയ അധ്യാപകനെ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ, വാർഡ് കൗൺസിലർ എം എസ് ദാസൻ തുടങ്ങിയവർ വീട്ടിലെത്തി അഭിനന്ദിച്ചു.

Spread the love
See also  05-09-2026 NEWS

Leave a Reply

Your email address will not be published. Required fields are marked *