PUDUKAD-NEWS-PUTHUKAD-NEWS

എംഡിഎംഎയുമായി 24 വയസുള്ള യുവാവും 18 വയസുള്ള യുവതിയും അറസ്റ്റിലായി.

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൗൺ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ 37.229 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 24 വയസുള്ള യുവാവും 18 വയസുള്ള യുവതിയും അറസ്റ്റിലായി.
കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്റ്റർ എം.പി. പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് നടപടി. ബംഗളൂരുവിൽ നിന്നു കോതമംഗലത്ത് കോളെജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു മാരക രാസലഹരി. ഇടുക്കി ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ്‌ (24) എന്നിവരാണ് പിടിയിലായത്.
പ്രതികൾ മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. റിസാന ഫാത്തിമ കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു.
ദിവസേന 3000 രൂപയോളം വാടകയുള്ള ഹോട്ടൽ റൂമുകളിൽ ആഡംബര ജീവിതം നയിച്ചായിരുന്നു പ്രതികളുടെ ലഹരി ഇടപാടുകൾ. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
എക്സൈസ് റേഞ്ച് ഇൻസ്പെക്റ്റർ എം.പി. പ്രമോദ് നേതൃത്വം നൽകിയ പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്റ്റർ (ഗ്രേഡ്) എ.ഇ. സിദ്ധിക്ക്, പ്രിവന്‍റീവ്ഓഫിസർ വി.എ. ഷെമീർ, പ്രിവന്‍റീവ് ഓഫിസർമാരായ (ഗ്രേഡ്) കെ.എ. റസാക്ക്, പി.എസ്. സുനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എം. ഉബൈസ്, അഖിലേഷ് വേലായുധൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ.എ. റെൻസി എന്നിവരും പങ്കെടുത്തു.

Spread the love
See also  തൃശൂരിൽ ആന ഓടിയതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top