മൊബൈൽ ഷോപ്പിൽ ഫോൺ നന്നാക്കാൻ എത്തിയ യുവാവിനെ ആക്രമിച്ച് കവർച്ച; സ്റ്റേഷൻ റൗഡികളായ രണ്ട് പേർ അറസ്റ്റിൽ.

മൊബൈൽ ഷോപ്പിൽ ഫോൺ നന്നാക്കാൻ എത്തിയ യുവാവിനെ ആക്രമിച്ച് കവർച്ച; സ്റ്റേഷൻ റൗഡികളായ രണ്ട് പേർ അറസ്റ്റിൽ.

കയ്പമംഗലം : ചെന്ത്രാപ്പിന്നിയിൽ മൊബൈൽ ഷോപ്പിലെത്തിയ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, ഭീഷണിപ്പെടുത്തി പണം കവരുകയും ചെയ്ത സംഭവത്തിൽ സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള രണ്ട് പേർ പിടിയിൽ. ചെന്ത്രാപ്പിന്നി കണ്ണനാംകുളം എറാക്കൽ വീട്ടിൽ ‘അനു’ എന്ന് വിളിക്കുന്ന സൂരജ് (40), ഒല്ലൂർ പൊന്നൂക്കര പുറങ്ങാപറമ്പിൽ വീട്ടിൽ വിഷ്ണു (33) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

2026 ജൂലൈ 12-ന് വൈകുന്നേരം 6:45-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചെന്ത്രാപ്പിന്നി ജംഗ്ഷന് പടിഞ്ഞാറ് വശത്തുള്ള ‘ഈസി മൊബൈൽ’ (Easy Mobile) ഷോപ്പിൽ ഫോൺ നന്നാക്കാനെത്തിയ ചാമക്കാല സ്വദേശി യദുവിനെ (31), യാതൊരു പ്രകോപനവുമില്ലാതെ പ്രതികൾ കടയ്ക്കുള്ളിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

കൈകൾ കൊണ്ടും കീ-ചെയിനിലുണ്ടായിരുന്ന ചെറിയ കത്രിക ഉപയോഗിച്ചും പ്രതികൾ യദുവിനെ പരിക്കേൽപ്പിച്ചു. തുടർന്ന് യദുവിന്റെ സ്കൂട്ടർ താക്കോൽ ബലമായി പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തി, ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി 1000 രൂപ പ്രതികൾ തട്ടിയെടുത്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

കയ്പമംഗലം പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള സൂരജ് മതിലകം വലപ്പാട് കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും അഞ്ച് വധശ്രമക്കേസിലും ആയുധ നിയമപ്രകാരമുള്ള മൂന്ന് കേസ്സിലും കാപ്പ നിയമപ്രകാരം നാടുകടത്തിയ കേസ്സിലും കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിന് ജയിലിലാക്കിയ കേസ്സിലും പതിമൂന്ന് അടിപിടിക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും അടക്കം 25 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

ഒല്ലൂർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള വിഷ്ണു എന്നയാൾ രണ്ട് കവർച്ചക്കേസിലും നാല് അടിപിടിക്കേസിലും മനുഷ്യജീവന് അപകടം വരത്തവിധം വാഹനമോടിച്ച് അപകടമുണ്ടാക്കിയ രണ്ട് കേസ്സിലും അടക്കം എട്ട് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജിത്ത്, എസ് ഐ മണികണ്ഠൻ, ജി എ എസ് ഐ മാരായ രാജേഷ് പ വി, രാജേഷ് പി കെ, ജോബി, ജോസഫ്, രമേഷ്, ജി എസ് സി പി ഒ മാരായ സുനിൽകുമാർ, ജ്യോതിഷ്, രജനീഷ്, സിനോജ്, സി പി ഒ വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  വടക്കാഞ്ചേരിയിൽ വൻ ലഹരിവേട്ട: 160 ഗ്രാം എം.ഡി.എം.എ.യുമായി കുന്നംകുളം സ്വദേശി പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top