
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കേന്ദ്രമന്ത്രിക്ക് ധാരണയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്ര ഫണ്ട് ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണമെന്ന അത്താവലെയുടെ നിലപാട് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇത്തരം പ്രസ്താവനകൾ രാജ്യത്തെ ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷത്തെയും എൻഡിഎയിലേക്ക് ഡോ. രാംദാസ് അത്താവലെ ക്ഷണിച്ചു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ അപ്രതീക്ഷിത പ്രതികരണം നടത്തിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും എൻഡിഎയുടെ ഭാഗമാകണമെന്നും പിണറായി വിജയൻ മോദിക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻഡിഎക്കൊപ്പം നിന്നാൽ കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അത്താവലെ കൂട്ടിച്ചേർത്തു.
Also Read: വി.ഡി സതീശൻ പുകഞ്ഞ കൊള്ളി; രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യത്തിലൂടെ ഭാരതത്തെ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി നരേന്ദ്ര മോദി ഉയർത്തിയെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പറഞ്ഞു. ദേശീയപാത വികസനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ മേഖലകളിൽ കൈവരിച്ച നേട്ടം രാജ്യത്തിന്റെ മുഖച്ഛായ മാറ്റിയെന്നും തൊഴിലവസരങ്ങൾ വർധിപ്പിച്ചുവെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. വനിതാ സംവരണ ബിൽ പോലുള്ള പരിഷ്കാരങ്ങൾ സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. എന്നാൽ കേരളത്തിൽ മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികൾ വികസനം നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ കേരളം കൃത്യമായി വിനിയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ വികസനത്തിനായി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും അത്താവലെ കൂട്ടിച്ചേർത്തു.
The post പിണറായി എന്‍ഡിഎയിലേക്ക് വരണം! കേന്ദ്രമന്ത്രിക്ക് കേരളത്തെക്കുറിച്ച് അറിയില്ല; അത്തേവാലക്ക് എംവി ഗോവിന്ദന്‍റെ മറുപടി appeared first on Express Kerala.


