loader image
വൈദ്യുതി നിരക്ക് ഇനി കുത്തനെ കൂടും; സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറച്ച് കേന്ദ്രത്തിന്റെ പുതിയ വൈദ്യുതിനയം

വൈദ്യുതി നിരക്ക് ഇനി കുത്തനെ കൂടും; സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറച്ച് കേന്ദ്രത്തിന്റെ പുതിയ വൈദ്യുതിനയം

ഡൽഹി: രാജ്യത്തെ വൈദ്യുതി നിരക്ക് വർധനയിൽ നിർണായക മാറ്റങ്ങൾ വരുത്തുന്ന പുതിയ ദേശീയ വൈദ്യുതിനയത്തിന്റെ കരട് കേന്ദ്രസർക്കാർ പുറത്തിറക്കി. വൈദ്യുതി വാങ്ങുന്നതിനായി വിതരണക്കമ്പനികൾക്ക് അധികമായി വരുന്ന ചെലവ്, റെഗുലേറ്ററി കമ്മിഷനുകളുടെ മുൻകൂട്ടിയുള്ള അനുമതിയോ തീരുമാനമോ കാത്തുനിൽക്കാതെ തന്നെ ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കാൻ അനുവാദം നൽകും. നിലവിലുള്ള വൈദ്യുതി വിതരണ ലൈനുകളിലൂടെ വൈദ്യുതി വിതരണം നടത്തുന്നതിന് സ്വകാര്യ കമ്പനികളെയും അനുവദിക്കും. ഇത് മേഖലയിൽ കൂടുതൽ മത്സരം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഈ പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയുള്ള ദേശീയ വൈദ്യുതിനയത്തിന്റെ കരട് നിലവിൽ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങൾക്കായി അയച്ചു നൽകിയിട്ടുണ്ട്.

വൈദ്യുതി വിതരണ കമ്പനികൾ സമർപ്പിക്കുന്ന വാർഷിക വരവുചെലവ് കണക്കുകൾ പരിശോധിച്ച്, സംസ്ഥാന സർക്കാരുകളുടെ താൽപ്പര്യങ്ങൾ കൂടി പരിഗണിച്ചാണ് നിലവിൽ റെഗുലേറ്ററി കമ്മിഷനുകൾ നിരക്ക് നിശ്ചയിക്കുന്നത്. ഈ രീതിക്ക് പകരം, കമ്മിഷനുകളുടെ പ്രത്യേക തീരുമാനം ഇല്ലെങ്കിലും വർഷംതോറും നിരക്ക് സ്വയം വർധിക്കുന്ന തരത്തിലുള്ള ഒരു ഇൻഡക്സ് സംവിധാനം കൊണ്ടുവരണമെന്ന് പുതിയ നയം നിർദ്ദേശിക്കുന്നു. വൈദ്യുതി വാങ്ങുന്നതിനായുള്ള ചെലവ് വർധിക്കുമ്പോൾ അത് ഉപഭോക്താക്കളിൽ നിന്ന് സർച്ചാർജ് ആയി ഈടാക്കുന്നതിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. ഇതോടെ വിതരണ കമ്പനികൾക്ക് അധികച്ചെലവ് എളുപ്പത്തിൽ ഉപഭോക്താക്കളിലേക്ക് കൈമാറാൻ സാധിക്കും.

See also  സൗഭാഗ്യങ്ങളുടെ ഐശ്വര്യമുദ്ര! അഷ്ടലക്ഷ്മി വളകൾ അണിയുന്നതിന്റെ രഹസ്യങ്ങൾ അറിയാമോ?

Also Read: അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യ; ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരം, സുപ്രീംകോടതി ഇടപെടൽ

സൗജന്യ വൈദ്യുതി നൽകണമെങ്കിൽ സർക്കാർ സബ്‌സിഡി തുക മുൻകൂറായി നൽകണം. നിലവിൽ കേരളത്തിൽ വൈദ്യുതി ബോർഡും സർക്കാരും തമ്മിലുള്ള ബാധ്യതകളിൽ തട്ടിക്കിഴിക്കുന്ന രീതിയാണ് പിൻതുടരുന്നത്. ഇത് മാറുന്നതോടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങൾക്കും ഉപഭോക്താക്കൾക്കും വലിയ തിരിച്ചടിയാകും. ഉയർന്ന വരുമാനക്കാരിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കി ദരിദ്ര വിഭാഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്ന രീതി (ക്രോസ് സബ്‌സിഡി) ഘട്ടംഘട്ടമായി ഒഴിവാക്കും. വൈദ്യുതി വിതരണ ലൈനുകളിലൂടെ വൈദ്യുതി ലഭ്യമാക്കാൻ സ്വകാര്യ കമ്പനികളെയും അനുവദിക്കും. സ്മാർട്ട് മീറ്ററുകൾ വ്യാപകമാക്കാനും നിർദ്ദേശമുണ്ട്.

സബ്‌സിഡി നൽകുന്നതിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം ഇല്ലാതാകുന്നതോടെ സാധാരണക്കാരായ ഗാർഹിക ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും. വ്യവസായ-നിർമ്മാണ യൂണിറ്റുകൾ, റെയിൽവേ, മെട്രോ എന്നിവയെ ക്രോസ് സബ്‌സിഡി സർച്ചാർജിൽ നിന്ന് ഒഴിവാക്കി. ഇത് അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും വ്യവസായങ്ങൾക്കും വലിയ ആശ്വാസമാകും. വൈദ്യുതി വിതരണത്തിലെയും പ്രസരണത്തിലെയും നഷ്ടം കുറയ്ക്കുന്നതിനായി രാജ്യവ്യാപകമായി പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കും. 2032-ഓടെ ഇന്ത്യയുടെ ഊർജമേഖലയിൽ 4.5 ലക്ഷം കോടി രൂപയുടെ വൻതോതിലുള്ള നിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയരൂപീകരണം നടത്തിയിരിക്കുന്നത്. വിതരണ കമ്പനികളുടെ 6.9 ലക്ഷം കോടി രൂപയുടെ സഞ്ചിത നഷ്ടം കുറയ്ക്കാൻ പുതിയ പരിഷ്കാരങ്ങൾ അത്യാവശ്യമാണെന്ന് കേന്ദ്രം വാദിക്കുന്നു. 2047-ഓടെ ആണവ നിലയങ്ങളിൽ നിന്നടക്കം 100 ഗിഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.

See also  തോൽപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന ടാറ്റ ഹാരിയറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

The post വൈദ്യുതി നിരക്ക് ഇനി കുത്തനെ കൂടും; സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറച്ച് കേന്ദ്രത്തിന്റെ പുതിയ വൈദ്യുതിനയം appeared first on Express Kerala.

Spread the love

New Report

Close