
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്ക് പോകാതിരുന്നതിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷയും നഗരസഭാ കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്തെത്തി. താൻ എപ്പോഴും ബിജെപിക്കൊപ്പമാണെന്നും, വേദിയിൽ പാലിച്ചത് ദീർഘകാലത്തെ പൊലീസ് സർവീസിൽ നിന്ന് ലഭിച്ച അച്ചടക്കം മാത്രമാണെന്നും അവർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അവർ പ്രതികരണം അറിയിച്ചത്.
33 വർഷത്തെ പൊലീസ് ജീവിതത്തിന് ശേഷം തനിക്ക് രാഷ്ട്രീയം പുതിയൊരു മേഖലയാണെന്ന് അവർ പറഞ്ഞു. വിവിഐപി ഡ്യൂട്ടികൾ ചെയ്തിട്ടുള്ള തനിക്ക് ലഭിച്ച പരിശീലനമനുസരിച്ച്, പ്രധാനമന്ത്രിയെപ്പോലെയുള്ള ഒരാൾ വേദിയിലുള്ളപ്പോൾ പ്രത്യേക ക്ഷണമില്ലാതെ അടുത്തേക്ക് പോകുന്നത് ശരിയല്ലെന്ന് കരുതിയാണ് സ്വന്തം സ്ഥാനത്ത് തന്നെ ഇരുന്നതെന്ന് അവർ വിശദീകരിച്ചു. പ്രധാനമന്ത്രി വിവിഐപി എൻട്രൻസ് വഴി മടങ്ങിയപ്പോൾ താൻ അതേ വഴി പിന്തുടരുന്നത് പ്രോട്ടോക്കോൾ പ്രകാരം തെറ്റാണെന്ന് കരുതിയതായും അവർ കൂട്ടിച്ചേർത്തു.
Also Read: തൊണ്ടിമുതൽ കേസ്! ആൻ്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതിയിൽ; എംഎൽഎ സ്ഥാനം നഷ്ടമായ വിധിയിൽ നിർണായകം
പൊലീസ് ഉദ്യോഗസ്ഥയായിരുന്നപ്പോൾ ശീലിച്ച അച്ചടക്കം കാരണമാണ് താൻ അത്തരത്തിൽ പെരുമാറിയതെന്നും ഇത് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷ എന്ന നിലയിലാണ് തനിക്ക് വേദിയിൽ സീറ്റ് ലഭിച്ചതെന്നും, താൻ പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞാണ് അവർ തന്റെ വിശദീകരണം അവസാനിപ്പിച്ചത്.
The post മോദിക്കരികിലേക്ക് പോയില്ല, വിശദീകരണവുമായി ആർ. ശ്രീലേഖ appeared first on Express Kerala.


