
കണ്ണൂർ: കേസ് ഒഴിവാക്കാൻ ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട എസ്ഐക്ക് 18 മാസം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെ മുൻ എസ്ഐയും മാനന്തവാടി സ്വദേശിയുമായ കെ ഇബ്രാഹിമിനെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. 2013-ൽ കോഴിക്കോട് വിജിലൻസ് കോടതി നൽകിയ ശിക്ഷയ്‌ക്കെതിരെ പ്രതി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
2003 മെയ് 2-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്രോളിങ് ഡ്യൂട്ടിക്കിടെ ഇരിട്ടി അങ്ങാടിക്കടവ് സ്വദേശിയായ ഓട്ടോഡ്രൈവറെ തടഞ്ഞുനിർത്തിയ ഇബ്രാഹിം, ഓട്ടോയിൽ സംശയാസ്പദമായ രീതിയിൽ ഒരാളെ കൊണ്ടുപോയെന്ന് ആരോപിച്ച് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസ് ഒഴിവാക്കാൻ 5000 രൂപ കൈക്കൂലി വേണമെന്നായിരുന്നു ആവശ്യം. തുടർന്ന് ഫോണിലൂടെ ഡ്രൈവറെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. 2003 മെയ് 12-ന് പോലീസ് ക്വാർട്ടേഴ്സിൽ വെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ, കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ടി രാമരാജിന്റെ നേതൃത്വത്തിലുള്ള സംഘം ഇബ്രാഹിമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
The post ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങാൻ ശ്രമം; എസ്ഐക്ക് തടവും പിഴയും appeared first on Express Kerala.


