
പയ്യോളി: പന്ത്രണ്ടുകാരിയെ അമ്മയുടെ ആൺസുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പയ്യോളി പോലീസ്. പ്രതിയായ വടകര കീഴൽ സ്വദേശി ചങ്ങരോത്ത് അബ്ദുൾ റഫീഖിന്റെ (48) പേരിലാണ് കേസ്. പ്രതിക്ക് പീഡനത്തിന് സഹായം നൽകിയ പെൺകുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
ജനുവരി 17-ന് സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ക്രൂരത വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടര വർഷമായി പീഡനം തുടർന്നിരുന്നതായാണ് വിവരം. നിലവിൽ കുട്ടി കോഴിക്കോട് സി ഡബ്ല്യു സി സംരക്ഷണയിലാണ്. വിദേശത്ത് വ്യവസായിയായ അബ്ദുൾ റഫീഖ് ഇടയ്ക്കിടെ നാട്ടിൽവരാറുണ്ട്. അമ്മയുടെ പൂർണ്ണ അറിവോടും സഹായത്തോടും കൂടിയാണ് പീഡനം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ പി ജിതേഷ് വ്യക്തമാക്കി.
Also Read: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 10 ലക്ഷം തട്ടാൻ ശ്രമം; നാലംഗ സംഘം പിടിയിൽ
പയ്യോളി പോലീസ് കേസ് അന്വേഷിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിൽ ഹാജരായ അമ്മയെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ അബ്ദുൾ റഫീഖ് ഈ മാസം ആദ്യവാരമാണ് തിരികെ വിദേശത്തേക്ക് പോയത്. ഇയാളെ നാട്ടിലെത്തിച്ച് നിയമനടപടികൾ സ്വീകരിക്കാനുള്ള നീക്കങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ പിതാവും വിദേശത്താണുള്ളത്.
The post പയ്യോളിയിൽ പന്ത്രണ്ടുകാരിക്ക് നേരെ പീഡനം; സഹായം നൽകിയ മാതാവ് അറസ്റ്റിൽ appeared first on Express Kerala.


