
തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനധികൃതമായി പ്രചാരണ ബോർഡുകൾ സ്ഥാപിച്ച ബിജെപി ജില്ലാ കമ്മിറ്റിക്ക് വൻ പിഴ. സ്വന്തം പാർട്ടി ഭരിക്കുന്ന നഗരസഭ തന്നെ ബിജെപിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതാണ് നടപടിക്ക് കാരണമായത്. നടപ്പാതകൾക്ക് കുറുകെയും റോഡ് ഡിവൈഡറുകളിലും വ്യാപകമായി ബോർഡുകൾ പ്രത്യക്ഷപ്പെട്ടതോടെ പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നു. ഇവ രണ്ട് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപറേഷൻ നേരത്തെ കത്ത് നൽകിയിരുന്നു. എന്നാൽ നടപ്പാതയിലെ ചില ബോർഡുകൾ മാറ്റിയതല്ലാതെ മറ്റ് നടപടികൾ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായില്ല.
Also Read: കെ.ബി. ഗണേഷ് കുമാറിനെ അന്ന് രക്ഷിച്ചത് ഉമ്മൻചാണ്ടിയുടെ ആ മാന്യത; ഉറച്ച നിലപാടിൽ കോൺഗ്രസ്
കോർപറേഷന്റെ നടപടി
നിർദ്ദേശം പാലിക്കാത്തതിനെത്തുടർന്ന് വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള പാതകളിൽ സ്ഥാപിച്ച ബോർഡുകളുടെ കണക്കെടുത്ത ശേഷമാണ് കോർപറേഷൻ സെക്രട്ടറി 20 ലക്ഷം രൂപയുടെ പിഴ നോട്ടീസ് അയച്ചത്. നിലവിൽ ബിജെപിയാണ് തിരുവനന്തപുരം കോർപറേഷൻ ഭരിക്കുന്നത് എന്നതിനാൽ ഈ നടപടിക്ക് വലിയ പ്രാധാന്യമുണ്ട്. നോട്ടീസിന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ ഹിയറിങ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്കും ആവശ്യമെങ്കിൽ ജപ്തിയിലേക്കും നീങ്ങുമെന്ന് റവന്യൂ വിഭാഗം വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയർ വി.വി. രാജേഷ് എത്താതിരുന്നതും ഇതിനോടകം രാഷ്ട്രീയ വിവാദമായിട്ടുണ്ട്. പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് മേയർ എത്താത്തതെന്ന് ബിജെപി വിശദീകരിക്കുമ്പോഴും വിഷയം സി.പി.എം സജീവമായി ചർച്ചയാക്കുന്നുണ്ട്.
The post സ്വന്തം പാർട്ടിക്ക് ‘എട്ടിന്റെ പണി’ കൊടുത്ത് ബിജെപി നഗരസഭ! മോദിയുടെ ബോർഡ് വച്ചതിന് ബിജെപിക്ക് 20 ലക്ഷം പിഴ appeared first on Express Kerala.


