
കുവൈത്ത്: റുമൈത്തിയയിൽ കാമുകിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി കടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ജസ്റ്റിസ് അബ്ദുള്ള അൽ-ഒത്മാൻ അധ്യക്ഷനായ ബെഞ്ചാണ് കീഴ്ക്കോടതിയുടെ സുപ്രധാന വിധി ശരിവെച്ചുകൊണ്ട് ഉത്തരവിട്ടത്.
കൊലപാതകത്തിന് പുറമെ മൃതദേഹത്തോടുള്ള അനാദരവ്, ലഹരിമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റങ്ങൾക്കും പ്രതിക്കെതിരെ നടപടിയുണ്ട്.
ക്രൂരതയുടെ ‘ചെന്നായ’
വിചാരണവേളയിൽ പ്രോസിക്യൂഷൻ പ്രതിക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇരയുടെ നിഷ്കളങ്കതയെ മാന്തിക്കീറിയ ‘ചെന്നായ’ എന്നാണ് പ്രോസിക്യൂട്ടർ ഫാരിസ് അൽ-ദബ്ബൂസ് പ്രതിയെ വിശേഷിപ്പിച്ചത്. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നവർക്ക് അർഹമായ ശിക്ഷ തന്നെ നൽകണമെന്നും, ഇരയുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കിയ പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.
Also Read: കുഞ്ഞിനോട് വെറുപ്പ്, കരച്ചിൽ മാറ്റാൻ എടുത്താലും മർദ്ദിക്കും; മരിക്കുമ്പോൾ ഇഹാന്റെ കയ്യിൽ പ്ലാസ്റ്റർ
മറനീക്കിയ ക്രൂരത
യുവതിയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം സ്യൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ച് രാജ്യം കടത്താനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വിദേശത്തേക്ക് മൃതദേഹം കടത്തി വിടാനുള്ള നീക്കത്തിനിടെയാണ് ഇയാൾ പിടിയിലായത്.
മാനസികരോഗ വാദം തള്ളി
തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. പ്രതിയെ പരിശോധിച്ച മാനസികരോഗ വിദഗ്ധരടങ്ങിയ മെഡിക്കൽ കമ്മിറ്റി, കൃത്യം നടക്കുമ്പോൾ ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൂർണ്ണ ബോധ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നും റിപ്പോർട്ട് നൽകിയിരുന്നു. ഇത് വധശിക്ഷ ശരിവെക്കുന്നതിൽ നിർണ്ണായകമായി.
The post മാന്തിക്കീറുന്ന ക്രൂരതയ്ക്ക് മാപ്പില്ല; റുമൈത്തിയയിലെ ‘സ്യൂട്ട്‌കേസ് മൃതദേഹ’ കേസിൽ പ്രതിക്ക് തൂക്കുകയർ appeared first on Express Kerala.


