loader image
വിഴിഞ്ഞം വികസനം; ക്രെഡിറ്റ് പോരിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ; ‘ശില്പി’ ഉമ്മൻചാണ്ടിയെന്ന് സതീശൻ

വിഴിഞ്ഞം വികസനം; ക്രെഡിറ്റ് പോരിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ; ‘ശില്പി’ ഉമ്മൻചാണ്ടിയെന്ന് സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേദി രാഷ്ട്രീയ വാക്പോരിനും സാക്ഷ്യം വഹിച്ചു. പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലിയും വികസന മുരടിപ്പിനെച്ചൊല്ലിയും ഭരണ-പ്രതിപക്ഷ നേതാക്കൾ പരസ്പരം വിരൽചൂണ്ടി.
വിഴിഞ്ഞം തുറമുഖത്തിന്റെ യഥാർത്ഥ ശില്പി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പദ്ധതിയുടെ പുരോഗതിയിലെ കാലതാമസത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. റെയിൽ-റോഡ് ഔട്ട്റീച്ച് പദ്ധതികൾ, ഫിഷറീസ് ഹാർബർ, ഔട്ടർ റിങ് റോഡ് എന്നിവ ഇനിയും പൂർത്തിയായിട്ടില്ല. 2019-ൽ ഉദ്ഘാടനം ചെയ്യേണ്ട പദ്ധതിയാണിത്. 11 വർഷം കഴിഞ്ഞിട്ടും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിൽ എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് പരിശോധിക്കണം. ഗ്രോത്ത് കോറിഡോർ അടക്കമുള്ളവ യാഥാർത്ഥ്യമാകാത്തത് വികസനത്തെ ബാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Also Read: മെട്രോ യാത്രക്കാർക്ക് ലോട്ടറി! ടിക്കറ്റ് നിരക്കിൽ 15% ഇളവ്; ജനുവരി 26 മുതൽ പുതിയ മാറ്റം

വിഴിഞ്ഞത്തിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആഹ്വാനം ചെയ്തു. ഉമ്മൻചാണ്ടിയോടൊപ്പം ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയ മുൻ മുഖ്യമന്ത്രിമാരുടെ പങ്കും അദ്ദേഹം സ്മരിച്ചു. “കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനം എടുത്തു പറയാതിരിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യമാണ് ഈ പദ്ധതിയെ ഇന്നത്തെ നിലയിൽ എത്തിച്ചത്.” – കെ.എൻ. ബാലഗോപാൽ. വി.എസ്. സർക്കാരിന്റെ കാലത്ത് ചൈനീസ് കമ്പനിയുടെ പേരിൽ കേന്ദ്രം അനുമതി നിഷേധിച്ച കാര്യവും അദ്ദേഹം വേദിയിൽ പരാമർശിച്ചു.

See also  കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട! മൂന്ന് യാത്രക്കാർ പിടിയിൽ

തുടർഭരണത്തിന്റെ ഭരണവേഗതയുടെ അടയാളമാണ് വിഴിഞ്ഞമെന്ന് എ.എ. റഹീം എം.പി പറഞ്ഞു. ഒരു തുള്ളി ചോര പോലും വീഴാതെ പദ്ധതി നടപ്പിലാക്കിയതിലൂടെ മുഖ്യമന്ത്രി തന്റെ ‘സ്റ്റേറ്റ്മാൻഷിപ്പ്’ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന കുതിപ്പിന്റെ തുടർച്ചയാണ് വിഴിഞ്ഞമെന്ന് ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ വി.വി. രാജേഷ് പറഞ്ഞു. മുൻ മുഖ്യമന്ത്രിമാർക്ക് അവരുടെ പങ്കുണ്ടെങ്കിലും, മോദി അധികാരത്തിൽ വന്നശേഷം കരയിലും കടലിലും ആകാശത്തും വികസനം ദൃശ്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

The post വിഴിഞ്ഞം വികസനം; ക്രെഡിറ്റ് പോരിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ; ‘ശില്പി’ ഉമ്മൻചാണ്ടിയെന്ന് സതീശൻ appeared first on Express Kerala.

Spread the love

New Report

Close