loader image
‘മരണത്തിന് കാരണം സജിതയുടെ അമിത നിയന്ത്രണം’; ഉണ്ണിക്കൃഷ്ണനെ ന്യായീകരിച്ച് കുടുംബം

‘മരണത്തിന് കാരണം സജിതയുടെ അമിത നിയന്ത്രണം’; ഉണ്ണിക്കൃഷ്ണനെ ന്യായീകരിച്ച് കുടുംബം

തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ, അറസ്റ്റിലായ ഭർത്താവ് ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം രംഗത്തെത്തി. മരിച്ച സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണമെന്നും ഉണ്ണിക്കൃഷ്ണൻ നിരപരാധിയാണെന്നും സഹോദരൻ ചന്തു ആരോപിച്ചു. ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ സജിത അനാവശ്യമായി ഇടപെട്ടിരുന്നുവെന്നും ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറയുന്നു.

ഗ്രീമയെ സജിത പൂർണ്ണമായും നിയന്ത്രിച്ചിരുന്നതായും വിദേശത്തേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങളെപ്പോലും അവർ എതിർത്തതായും സഹോദരൻ ആരോപിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ട് തവണ കൗൺസിലിംഗ് നടത്തിയെങ്കിലും സജിതയുടെ പിടിവാശി മൂലം പരാജയപ്പെട്ടു. തർക്കങ്ങളുണ്ടാകുമ്പോൾ സജിത സ്ഥിരമായി ആത്മഹത്യ ഭീഷണി മുഴക്കുമായിരുന്നുവെന്നും, പുറംലോകം കാര്യങ്ങൾ അറിയുന്നത് അഭിമാനക്ഷതമായി അവർ കണ്ടിരുന്നുവെന്നുമാണ് ഉണ്ണിക്കൃഷ്ണന്റെ കുടുംബത്തിന്റെ വാദം.

Also Read: മാന്തിക്കീറുന്ന ക്രൂരതയ്ക്ക് മാപ്പില്ല; റുമൈത്തിയയിലെ ‘സ്യൂട്ട്‌കേസ് മൃതദേഹ’ കേസിൽ പ്രതിക്ക് തൂക്കുകയർ

അമ്മയും മകളും മരിക്കുന്നതിന് മുൻപ് എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ദിവസമാണ് ഉണ്ണിക്കൃഷ്ണനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഗ്രീമയെ ഭർത്താവ് ഉപേക്ഷിച്ചതാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നത്. ഇതേത്തുടർന്ന് ഉണ്ണിക്കൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു.

See also  യുവതിയുടെ പേരിൽ വ്യാജ പ്രൊഫൈൽ; പണം തട്ടിയ ദമ്പതിമാർക്കെതിരെ കേസ്

കഴിഞ്ഞ ബുധനാഴ്ചയാണ് റിട്ട. അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ രാജീവിന്റെ ഭാര്യ സജിതയെയും മകൾ ഗ്രീമയെയും കമലേശ്വരത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് ആത്മഹത്യാക്കുറിപ്പ് ബന്ധുക്കൾക്ക് ഫോൺ വഴി അയച്ചു നൽകിയിരുന്നു. കേസിൽ ഉണ്ണിക്കൃഷ്ണന്റെ അറസ്റ്റും പിന്നാലെ കുടുംബത്തിന്റെ വെളിപ്പെടുത്തലുകളും വന്നതോടെ സംഭവത്തിൽ ദുരൂഹതയും തർക്കങ്ങളും തുടരുകയാണ്.

The post ‘മരണത്തിന് കാരണം സജിതയുടെ അമിത നിയന്ത്രണം’; ഉണ്ണിക്കൃഷ്ണനെ ന്യായീകരിച്ച് കുടുംബം appeared first on Express Kerala.

Spread the love

New Report

Close