
മോട്ടോർ വാഹന നിയമങ്ങൾ പരിഷ്കരിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതികൾ കേരളത്തിൽ കർശനമായി നടപ്പിലാക്കാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. നിയമലംഘനത്തിന് പിഴ ചുമത്തിയാൽ 45 ദിവസത്തിനുള്ളിൽ അത് നിർബന്ധമായും അടയ്ക്കണമെന്നതാണ് പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും എതിരെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.
ഒരു വർഷത്തിനിടയിൽ അഞ്ചോ അതിലധികമോ തവണ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ പുതിയ നിയമം അനുശാസിക്കുന്നു. അതിവേഗം, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരിക്കൽ, സിഗ്നൽ ലംഘനം തുടങ്ങിയവയ്ക്ക് പുറമെ അനധികൃത പാർക്കിംഗ്, വാഹനയാത്രക്കാരെ തടഞ്ഞുവെക്കൽ തുടങ്ങി 24 കുറ്റകൃത്യങ്ങളാണ് ഈ പരിധിയിൽ വരുന്നത്. നടപടി എടുക്കുന്നതിന് മുൻപ് ലൈസൻസ് ഉടമയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകുമെങ്കിലും ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് ആർടിഒ കർശനമായ ശിക്ഷ ഉറപ്പാക്കും.
Also Read: ഭൂമി തരംമാറ്റലിൽ വീഴ്ച; വയനാട് ഡെപ്യൂട്ടി കളക്ടർക്ക് സസ്‌പെൻഷൻ
പിഴയൊടുക്കാതെ കുടിശ്ശിക വരുത്തുന്ന വാഹനങ്ങളെ ഉടൻ തന്നെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ കരിമ്പട്ടികയിൽ പെടുന്ന വാഹനങ്ങൾക്ക് നികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും വാഹൻ വെബ്സൈറ്റിൽ ലഭ്യമാകില്ല. ആർസി ഉടമസ്ഥാവകാശം മാറ്റൽ, പെർമിറ്റ്, ഫിറ്റ്‌നസ് പുതുക്കൽ, ഹൈപ്പോത്തിക്കേഷൻ മാറ്റൽ തുടങ്ങിയ കാര്യങ്ങൾ ഇതോടെ തടസ്സപ്പെടും. കൂടാതെ, പിഴ അടച്ചുതീർക്കുന്നത് വരെ വാഹനം പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും.
നിയമലംഘനം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് മറ്റൊരാളാണെങ്കിലും അതിന്റെ ഉത്തരവാദിത്തം പ്രാഥമികമായി ഉടമയ്ക്കായിരിക്കും. ഉടമയല്ല വാഹനം ഓടിച്ചിരുന്നതെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യതയും ഉടമയ്ക്ക് തന്നെയാണ്. നിയമലംഘനത്തിന്റെ ചലാനുകൾ ഇലക്ട്രോണിക്കൽ സംവിധാനം വഴി മൂന്ന് ദിവസത്തിനുള്ളിലോ നേരിട്ട് 15 ദിവസത്തിനുള്ളിലോ കൈപ്പറ്റണം. ഇതിനുശേഷം നിശ്ചിത സമയത്തിനകം പിഴയൊടുക്കാത്തവർക്കെതിരെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ ആരംഭിക്കും.
The post ജാഗ്രത! ട്രാഫിക് നിയമം ലംഘിച്ചാൽ ഇനി കുടുങ്ങും; പിഴയടച്ചില്ലെങ്കിൽ വാഹനം കരിമ്പട്ടികയിലേക്ക് appeared first on Express Kerala.


