
‘ഗപ്പി’, ‘അമ്പിളി’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ‘ആശാൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 40 വർഷത്തെ സിനിമാ ജീവിതത്തിൽ അഞ്ഞൂറിലധികം വേഷങ്ങൾ കൈകാര്യം ചെയ്ത പ്രിയ നടൻ ഇന്ദ്രൻസ് ആദ്യമായി ഒരു ബിഗ് ബജറ്റ് കമേഴ്സ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നതാണ് ‘ആശാൻ’ നൽകുന്ന ഏറ്റവും വലിയ പ്രത്യേകത. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ് എന്ന നടന്റെ പകരക്കാരില്ലാത്ത പ്രകടനം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. അതിൽ ഒരു ഗാനത്തിന് ഇന്ദ്രൻസ് തന്നെ ശബ്ദം നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇന്ദ്രൻസിനൊപ്പം ‘രോമാഞ്ചം’ ഫെയിം ജോമോൻ ജ്യോതിറും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്ക് പുറമെ ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി എന്നിവരും നൂറിലധികം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഹാസ്യത്തിന് മുൻതൂക്കം നൽകി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകർക്ക് ഒരു നവ്യാനുഭവം സമ്മാനിക്കുമെന്നുറപ്പാണ്.
Also Read: ഭാവനയും റഹ്‌മാനും ഒന്നിക്കുന്ന ‘അനോമി’; ഉദ്വേഗം നിറച്ച് ട്രെയ്‌ലർ പുറത്ത്, ചിത്രം ഫെബ്രുവരി 6-ന്
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഗപ്പി സിനിമാസിനൊപ്പം ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 5-ന് ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും. ഇന്ദ്രൻസ് എന്ന അതുല്യ പ്രതിഭയുടെ കരിയറിലെ വഴിത്തിരിവാകാൻ സാധ്യതയുള്ള ഈ ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
The post ‘ആശാൻ’ ചിത്രത്തിലെ ട്രെയിലർ പുറത്ത്! ചിത്രം ഫെബ്രുവരി 5-ന് തിയേറ്ററുകളിൽ appeared first on Express Kerala.


