
കേന്ദ്ര ബജറ്റിനെതിരെ അതിരൂക്ഷമായ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോദി സർക്കാരിന്റെ ജനവിരുദ്ധ മുഖമാണ് ഈ ബജറ്റിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നും ഇത് ജനങ്ങളെ പാടെ മറന്ന ‘അദാനി-അംബാനി’ ബജറ്റാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. യുവശക്തിക്കായി ഒന്നുമില്ലാത്ത ബജറ്റിൽ തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു പദ്ധതി പോലും ഉൾപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പരിഹസിക്കാനും ബിനോയ് വിശ്വം മറന്നില്ല. “ഒരിക്കലും ജയിക്കാത്ത കേസ് വാദിക്കുന്ന വക്കീലിന്റെ അവസ്ഥയിലാണ് രാജീവ് ചന്ദ്രശേഖർ. കേന്ദ്രം കേരളത്തെ അവഗണിച്ചിട്ടില്ലെന്ന അദ്ദേഹത്തിന്റെ വാദം പച്ചക്കള്ളമാണ്. നരേന്ദ്ര മോദി നേരിട്ട് വന്ന് വാദിച്ചാലും ജനങ്ങളുടെ കോടതിയിൽ ബി.ജെ.പി തോൽക്കും,” അദ്ദേഹം പറഞ്ഞു.
Also Read: കേരളം ചോദിച്ചത് 29 കാര്യങ്ങൾ, തന്നത് വെറും വട്ടപ്പൂജ്യം! കേന്ദ്രത്തിന് മറുപടിയുമായി എം.വി. ഗോവിന്ദൻ
കേരളത്തിലെ തീർത്ഥാടകരെയും തീർത്ഥാടന കേന്ദ്രങ്ങളെയും കേന്ദ്രം അവഗണിച്ചു. പദ്ധതിയൊന്നുമില്ലാതെ കടലാമ സംരക്ഷണം പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. എയിംസ് വിഷയത്തിൽ കേന്ദ്രമന്ത്രിമാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കോഴിക്കോടും തൃശൂരും ആലപ്പുഴയും പറഞ്ഞ് നടന്നവർ ഒടുവിൽ എയിംസ് എവിടെയാക്കിയെന്നും അദ്ദേഹം ചോദിച്ചു. ‘പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ’ എന്ന രീതിയിലാണ് ബി.ജെ.പി സർക്കാർ കേരളത്തോട് പെരുമാറുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
The post ‘പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ’! മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം appeared first on Express Kerala.


