
സംസ്ഥാനത്ത് ഈ മാസം ചൂട് കുത്തനെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരിയിൽ ലഭിക്കേണ്ട മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുമെന്നും പകൽ സമയങ്ങളിൽ കേരളം വെന്തുരുകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ചും വടക്കൻ കേരളത്തിൽ സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടാനാണ് സാധ്യത. മറ്റ് ജില്ലകളിൽ സാധാരണ നിലയിലുള്ള ചൂട് തുടരുമെങ്കിലും മഴയുടെ അഭാവം വരൾച്ചാ ഭീഷണി ഉയർത്തുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ജനുവരി മാസത്തിൽ സംസ്ഥാനത്ത് അപ്രതീക്ഷിതമായി അധിക മഴ ലഭിച്ചതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. സാധാരണ ലഭിക്കേണ്ടതിനേക്കാൾ 55 ശതമാനം കൂടുതൽ മഴയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ജനുവരിയിൽ ശരാശരി 7.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 11.4 മില്ലിമീറ്റർ മഴ കേരളത്തിന് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് വെറും 5.5 മില്ലിമീറ്റർ മാത്രമായിരുന്നു എന്നതും ശ്രദ്ധേയമാണ്.
Also Read: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കർ
ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. എന്നാൽ മലപ്പുറം, കൊല്ലം ജില്ലകളിൽ പ്രതീക്ഷിച്ച മഴ പെയ്തില്ല. ജനുവരിയിൽ പെയ്ത ഈ അധിക മഴ വേനലിന്റെ തുടക്കത്തിൽ നേരിയ ആശ്വാസം നൽകിയെങ്കിലും, ഫെബ്രുവരിയിലെ മഴയുടെ കുറവും വർദ്ധിച്ചു വരുന്ന ചൂടും വരും മാസങ്ങളിൽ സംസ്ഥാനത്തെ ജലലഭ്യതയെ ബാധിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
The post കേരളം വെന്തുരുകും! ഫെബ്രുവരിയിൽ മഴ കുറയും, ചൂട് കടുക്കും; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് appeared first on Express Kerala.


