സംസ്ഥാനത്ത് സ്വർണ്ണവിലയിൽ അവിശ്വസനീയമായ ഇടിവ് തുടരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങൾ പ്രതിഫലിച്ചതോടെ ഇന്ന് മാത്രം പവൻ വിലയിൽ 6640 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,120 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ പവന് 20,040 രൂപയുടെ വൻ ഇടിവാണ് വിപണിയിൽ ദൃശ്യമായത്.
ഇന്നലെ 1,17,760 രൂപയായിരുന്നു വിപണി വില. ജനുവരി 29-ന് സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,31,160 രൂപയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതും അന്താരാഷ്ട്ര വിപണിയിൽ ഡോളർ നേരിയ തോതിൽ ശക്തിപ്പെട്ടതുമാണ് വില തുടർച്ചയായി ഇടിയാൻ പ്രധാന കാരണമായത്. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണ്ണവും വെള്ളിയും വലിയ കുതിപ്പിലായിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ ഈ വലിയ വിലയിടിവ് നിക്ഷേപകരെ ഞെട്ടിച്ചിരിക്കുകയാണ്. സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയാണിത്.
The post സ്വർണ്ണവില കുത്തനെ താഴേക്ക്; 4 ദിവസം കൊണ്ട് പവന് 20,000 രൂപ കുറഞ്ഞു! നിക്ഷേപകർ ശ്രദ്ധിക്കുക appeared first on Express Kerala.


