
ഇന്ത്യൻ വിപണിയിലെ വിൽപന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആകർഷകമായ ഇഎംഐ പദ്ധതികളും വമ്പിച്ച ഇളവുകളും പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല. പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി മൂന്ന് ലക്ഷം രൂപ വരെയുള്ള എക്സ്ചേഞ്ച് ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ സാധാരണ കാറുകളിൽ നിന്ന് പ്രീമിയം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം കൂടുതൽ എളുപ്പമാക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
പുതിയ പദ്ധതികൾ പ്രകാരം ടെസ്‌ല മോഡൽ വൈ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വെറും ആറ് ലക്ഷം രൂപ ഡൗൺ പേയ്‌മെന്റ് നൽകി 49,000 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐകളിൽ വാഹനം വാങ്ങാവുന്നതാണ്. ഇന്ധനച്ചെലവും വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കുള്ള ചെലവും കുറവായതിനാൽ, ടെസ്‌ല മോഡൽ വൈയിലേക്ക് മാറുന്നതിലൂടെ പ്രതിമാസം 20,000 രൂപ വരെ ലാഭിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിൽ ഇടത്തരം എസ്‌യുവികളോ സെഡാനുകളോ ഉപയോഗിക്കുന്നവർക്ക് പ്രതിമാസം ഏകദേശം 29,000 രൂപ ഉടമസ്ഥാവകാശ ചെലവിൽ ഒരു ടെസ്‌ല കാർ സ്വന്തമാക്കാൻ കഴിയുമെന്നത് വിപണിയിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: ഇന്ത്യയിൽ ഹുറാകാൻ യുഗം അവസാനിച്ചു; അവസാന ‘ടെക്നിക്ക’ മോഡലും കൈമാറി ലംബോർഗിനി
കഴിഞ്ഞ വർഷം ഇന്ത്യയിൽ ആകെ 225 യൂണിറ്റുകൾ മാത്രമാണ് ടെസ്‌ലയ്ക്ക് വിൽക്കാൻ സാധിച്ചത്. രാജ്യത്തെ മൊത്തം ഇലക്ട്രിക് പാസഞ്ചർ വാഹന വിപണിയിൽ വലിയ വളർച്ചയുണ്ടായ പശ്ചാത്തലത്തിൽ, ഈ പുതിയ സ്കീമുകളിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് ടെസ്‌ലയുടെ നീക്കം. നിലവിൽ 500 കിലോമീറ്റർ റേഞ്ച് നൽകുന്ന മോഡൽ വൈ റിയർ വീൽ ഡ്രൈവ് വേരിയന്റിന് 59.89 ലക്ഷം രൂപയും, 661 കിലോമീറ്റർ റേഞ്ച് നൽകുന്ന ലോംഗ് റേഞ്ച് വേരിയന്റിന് 67.89 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.
The post ഇന്ത്യൻ വിപണി പിടിക്കാൻ ടെസ്‌ല; 3 ലക്ഷം രൂപ എക്സ്ചേഞ്ച് ബോണസും ആകർഷകമായ ഇഎംഐ പദ്ധതികളും appeared first on Express Kerala.



