‘ഇനി ഒരു കല്യാണരാമൻ ഉണ്ടാകില്ല’! അവാർഡുകൾ കിട്ടി, പക്ഷേ ചിരി പോയി; സലിം കുമാർ

‘ഇനി ഒരു കല്യാണരാമൻ ഉണ്ടാകില്ല’! അവാർഡുകൾ കിട്ടി, പക്ഷേ ചിരി പോയി; സലിം കുമാർ

ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതത്തിൽ ഉണ്ടായ വഴിത്തിരിവിനെക്കുറിച്ച് മനസ്സുതുറന്ന് നടൻ സലിം കുമാർ. ഹാസ്യരസമുള്ള വേഷങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തന്നെ ഗൗരവകരമായ സ്വഭാവനടനായി മാറ്റിയത് ഈ ചിത്രമാണെന്ന് അദ്ദേഹം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബാബു ജനാർദ്ദനന്റെ തിരക്കഥയിൽ സലിം കുമാർ നായകനായെത്തിയ ഈ ചിത്രം മലയാള സിനിമയിലെ തന്നെ ശ്രദ്ധേയമായ വർക്കുകളിൽ ഒന്നാണ്.

ഈ ചിത്രത്തിലേക്ക് താൻ എത്തിയതിനെക്കുറിച്ച് സലിം കുമാർ പറയുന്നതിങ്ങനെ. “നടി ഉഷയാണ് ഒരിക്കൽ എന്നോട് ബാബു ജനാർദ്ദനൻ ഒരു കഥയുമായി വരുമെന്ന് പറഞ്ഞത്. അദ്ദേഹം വന്ന് കഥ പറഞ്ഞപ്പോൾ എനിക്ക് വലിയ ആത്മവിശ്വാസം തോന്നിയില്ല. ലാൽ ജോസ് വിളിച്ചപ്പോൾ മറ്റാരെയെങ്കിലും വെച്ച് ചെയ്യാൻ ഞാൻ പറഞ്ഞു. എന്നാൽ ‘നീ അഭിനയിക്കുകയാണെങ്കിൽ മാത്രമേ ഈ സിനിമ ഞാൻ ചെയ്യൂ’ എന്ന ലാലുവിന്റെ ഉറച്ച തീരുമാനമാണ് എന്നെ ആ വേഷം ചെയ്യിപ്പിച്ചത്.” ആ ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം സലിം കുമാറിന് ലഭിച്ചു.

Also Read: രേഖകളിലെ സാങ്കേതിക പിശക് തിരിച്ചടിയായി; ട്വന്റി 20 സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് ലക്ഷ്മി പ്രിയ

പിന്നീട് ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. എന്നാൽ അവാർഡുകൾക്ക് പിന്നാലെ ഗൗരവമുള്ള വേഷങ്ങൾ അധികമായി വന്നതോടെ തനിക്ക് നല്ല കോമഡി വേഷങ്ങൾ നഷ്ടമായതിൽ സലിം കുമാർ സങ്കടം രേഖപ്പെടുത്തി. ഇന്ന് സിനിമയിൽ ചിരി കുറഞ്ഞുവെന്നും പഴയകാലത്തെ പോലെ ‘പുലിവാൽ കല്യാണം’, ‘കല്യാണരാമൻ’ തുടങ്ങിയ സിനിമകൾ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ കാലത്ത് തമാശകൾ എഴുതുന്നത് വലിയ വെല്ലുവിളിയാണെന്നും ചെറിയ തെറ്റുകൾ പോലും വലിയ വിവാദങ്ങളായി മാറുന്ന കാലമായതിനാൽ എഴുത്തുകാർക്ക് പഴയതുപോലെ സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മുക്ത, സംവൃത സുനിൽ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയവരായിരുന്നു ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

The post ‘ഇനി ഒരു കല്യാണരാമൻ ഉണ്ടാകില്ല’! അവാർഡുകൾ കിട്ടി, പക്ഷേ ചിരി പോയി; സലിം കുമാർ appeared first on Express Kerala.

Spread the love
Scroll to Top