പണമടച്ചില്ലെങ്കിൽ സ്റ്റേഡിയമില്ല; ഫുട്ബോൾ അസോസിയേഷന് മുന്നറിയിപ്പുമായി ജി.സി.ഡി.എ

പണമടച്ചില്ലെങ്കിൽ സ്റ്റേഡിയമില്ല; ഫുട്ബോൾ അസോസിയേഷന് മുന്നറിയിപ്പുമായി ജി.സി.ഡി.എ

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പത്രസമ്മേളനം തടസ്സപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ജി.സി.ഡി.എ രംഗത്തെത്തി. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കേരള ഫുട്ബോൾ അസോസിയേഷൻ (കെ.എഫ്.എ) സുരക്ഷാ നിക്ഷേപം അടയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ജി.സി.ഡി.എ പത്രക്കുറിപ്പിൽ അറിയിച്ചു.

ഏഷ്യൻ കപ്പ് യോഗ്യതാറൗണ്ട് മത്സരത്തിനായി സ്റ്റേഡിയം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ വാടകയായും 25 ലക്ഷം രൂപ സുരക്ഷാ നിക്ഷേപമായും നിശ്ചയിച്ചിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് മാർച്ച് 23-ന് തന്നെ കെ.എഫ്.എയ്ക്ക് കൈമാറിയിരുന്നതായും ജി.സി.ഡി.എ വ്യക്തമാക്കി.

Also Read:കോഹ്‌ലി ടെസ്റ്റിലേക്ക് മടങ്ങിവരണം; അത് നായകനായി തന്നെ! പ്രസ്താവനയുമായി അമ്പാട്ടി റായിഡു

സ്റ്റേഡിയത്തിലെ ടർഫ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സൗകര്യങ്ങൾ സംരക്ഷിക്കേണ്ടത് ജി.സി.ഡി.എയുടെ ഉത്തരവാദിത്തമാണെന്നും ഇതിനായി സുരക്ഷാ നിക്ഷേപം നിർണായകമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സാധാരണഗതിയിൽ വലിയ കായിക മാമാങ്കങ്ങൾക്ക് ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് കേരളത്തിലെ കായിക വികസനം മുൻനിർത്തി കെ.എഫ്.എയ്ക്ക് സ്റ്റേഡിയം അനുവദിച്ചത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ തുക അടയ്ക്കാത്തതിനാൽ നിലവിലുള്ള കരാർ വ്യവസ്ഥകൾ പ്രകാരം സ്റ്റേഡിയം വിട്ടുനൽകാൻ സാധിച്ചില്ല. മാർച്ച് 30-നകം സുരക്ഷാ നിക്ഷേപം അടച്ചില്ലെങ്കിൽ സ്റ്റേഡിയം അലോട്ട്‌മെന്റ് ഉത്തരവ് സ്വമേധയാ റദ്ദാക്കുമെന്നും ജി.സി.ഡി.എ മുന്നറിയിപ്പ് നൽകി.

The post പണമടച്ചില്ലെങ്കിൽ സ്റ്റേഡിയമില്ല; ഫുട്ബോൾ അസോസിയേഷന് മുന്നറിയിപ്പുമായി ജി.സി.ഡി.എ appeared first on Express Kerala.

Spread the love
Scroll to Top