
പാരിസിലെ വിഖ്യാതമായ ലൂവ് മ്യൂസിയത്തിലെ മോഷണത്തിന് സമാനമായ രീതിയിൽ ഇറ്റാലിയൻ മ്യൂസിയത്തിലും വൻ കവർച്ച. ലോകപ്രശസ്തരായ മൂന്ന് ഫ്രഞ്ച് ചിത്രകാരന്മാരുടെ കോടികൾ വിലമതിക്കുന്ന പെയിന്റിങ്ങുകളാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം മിന്നൽ വേഗത്തിൽ കവർന്നത്. വടക്കൻ ഇറ്റലിയിലെ പാർമ നഗരത്തിന് സമീപമുള്ള മന്യാനി റോക്ക ഫൗണ്ടേഷൻ സ്വകാര്യ മ്യൂസിയത്തിലാണ് സിനിമാ സ്റ്റൈലിൽ മോഷണം നടന്നത്. ഓഗസ്റ്റ് റെന്വായുടെ ‘ഫിഷ്’ (1917), പോൾ സെസാന്റെ ‘സ്റ്റിൽ ലൈഫ് വിത്ത് ചെറീസ്’ (1890), ഹെൻറി മാറ്റിസിന്റെ ‘ഒഡാലിസ്ക് ഓൺ ദ ടെറസ്’ (1922) എന്നീ വിഖ്യാത സൃഷ്ടികളാണ് നഷ്ടപ്പെട്ടത്.
Also Read: ലാവ തിളച്ചുമറിഞ്ഞ തീഗോളത്തിൽ നിന്നും ഇന്നത്തെ സുന്ദര ഭൂമിയിലേക്ക്; നമ്മൾ അറിയാത്ത ആ പഴയ കഥ
ഈ മാർച്ച് 22-ന് രാത്രിയാണ് അന്താരാഷ്ട്ര കലാലോകത്തെ ഞെട്ടിച്ച സംഭവം നടന്നത്. മ്യൂസിയത്തിന്റെ ഒന്നാം നിലയിലൂടെ അകത്തു കടന്ന മോഷ്ടാക്കൾ വെറും മൂന്ന് മിനിറ്റിനുള്ളിൽ കൃത്യം പൂർത്തിയാക്കി പുറത്തുകടന്നു. ചുമരുകളിൽ നിന്ന് പെയിന്റിങ്ങുകൾ വേർപെടുത്തിയ ശേഷം പൂന്തോട്ടം വഴിയാണ് സംഘം രക്ഷപ്പെട്ടത്. മോഷണത്തിനിടെ മ്യൂസിയത്തിലെ അലാറം മുഴങ്ങിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തുന്നതിന് മുൻപേ പ്രതികൾ കടന്നുകളഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ പാരിസിലെ ലൂവ് മ്യൂസിയത്തിൽ നിന്ന് 900 കോടി രൂപയുടെ രത്നാഭരണങ്ങൾ കവർന്ന സംഭവത്തിന് പിന്നാലെ ഉണ്ടായ ഈ കവർച്ച യൂറോപ്പിലെ മ്യൂസിയങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്. കേസിൽ ഇറ്റാലിയൻ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
The post മൂന്നേ മൂന്ന് മിനിറ്റ്, മൂന്ന് ലോകോത്തര പെയിന്റിങ്ങുകൾ; ഇറ്റാലിയൻ മ്യൂസിയത്തിൽ കോടികളുടെ വൻ കവർച്ച appeared first on Express Kerala.




