നേപ്പാൾ മിന്നൽപ്രളയം: കൈലാസ് മാനസസരോവർ യാത്രാസംഘത്തിലെ 19 മലയാളികളടക്കം 23 ഇന്ത്യക്കാർ സുരക്ഷിതമായി നാട്ടിലെത്തി | Nepal flash flood


തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് കുടുങ്ങിയ കൈലാസ് മാനസസരോവർ യാത്രാസംഘത്തിലെ 19 മലയാളികൾ ഉൾപ്പെടെയുള്ള 23 അംഗ ഇന്ത്യൻ സംഘം സുരക്ഷിതമായി സ്വന്തം നാടുകളിലെത്തി (Nepal flash flood). മലയാളികളായ യാത്രികർ രണ്ട് സംഘങ്ങളായി രണ്ട് ദിവസങ്ങളിലായാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.
വിദേശകാര്യ മന്ത്രാലയം, നേപ്പാളിലെയും ചൈനയിലെയും ഇന്ത്യൻ എംബസികൾ, കേരള മുഖ്യമന്ത്രിയുടെ ഓഫീസ്, നോർക്ക റൂട്ട്സ് എന്നിവയുടെ ഏകോപിത ഇടപെടലാണ് യാത്രികരുടെ സുരക്ഷിത മടക്കയാത്രയ്ക്ക് സഹായമായത്.
നേപ്പാളിൽനിന്ന് തിരിച്ചെത്തിയവരിൽ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടർമാരുടെ സംഘവും ഉൾപ്പെടുന്നു. കാഠ്മണ്ഡുവിൽനിന്ന് വിമാനമാർഗം ഡൽഹിയിലെത്തിയ സംഘത്തിലെ രണ്ട് പേർ ഇൻഡിഗോ വിമാനത്തിൽ രാത്രി 11.30ഓടെ തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം.
ഡോ. രേഖാ നായരെ കൂടാതെ ഈ സംഘത്തിലെ മറ്റ് അംഗങ്ങൾ കേരളത്തിൽ കുടുംബവേരുകളുള്ള ബ്രിട്ടീഷ് പൗരത്വമുള്ളവരാണ്.
അതേസമയം, നേപ്പാളിലെ മിന്നൽപ്രളയത്തെ തുടർന്ന് നോർക്ക ഹെൽപ്പ് ഡെസ്കിൽ രജിസ്റ്റർ ചെയ്തവരിൽ ആറുപേരുമായി ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഓസ്ട്രേലിയൻ പൗരത്വമുള്ള നാലുപേരും ബ്രിട്ടീഷ് പൗരത്വമുള്ള ഒരാളും അമേരിക്കൻ പൗരത്വമുള്ള കൃഷ്ണകുമാർ രാഘവൻ (59) ഉൾപ്പെടെയുള്ളവരുമാണ് ബന്ധപ്പെടാൻ സാധിക്കാത്തവരുടെ പട്ടികയിലുള്ളത്.
ഇവർക്കെല്ലാം കേരളവുമായി കുടുംബബന്ധമുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. പ്രളയമുണ്ടായ സമയത്ത് ഇവർ ചൈന–നേപ്പാൾ അതിർത്തി മേഖലയിലായിരുന്നുവെന്നാണ് ലഭ്യമായ വിവരം. ഇവരെ കണ്ടെത്തുന്നതിനും ബന്ധപ്പെടുന്നതിനുമായി ബന്ധപ്പെട്ട അധികൃതരുടെ ശ്രമങ്ങൾ തുടരുകയാണ്.
Story Summary: All 23 members of an Indian Kailash Mansarovar pilgrimage group, including 19 Malayalis, have safely returned home after being stranded due to flash floods in Nepal. However, authorities are still trying to establish contact with six people of Kerala origin who were reportedly near the China–Nepal border.

