സിപിഎമ്മിനെ പ്രതിരോധിക്കാൻ സമയമില്ല, നേതാക്കൾ റീൽസ് കളിയിൽ; സ്വന്തം പാർട്ടി നേതൃത്വത്തിനെതിരെ ബിജെപി എംഎൽഎ


പശ്ചിമ ബംഗാളിൽ സ്വന്തം പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി മുതിർന്ന എംഎൽഎ അമർനാഥ് സാഖ രംഗത്ത്. സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്ന സിപിഎമ്മിനെ പ്രതിരോധിക്കുന്നതിന് പകരം സോഷ്യൽ മീഡിയ റീലുകൾ വഴി ഫോളോവേഴ്‌സിനെ വർധിപ്പിക്കാനാണ് നേതാക്കൾ സമയം കണ്ടെത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബങ്കുറ ജില്ലയിലെ ഒൻഡ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പാർട്ടിക്കുള്ളിലെ വീഴ്ചകൾ പരസ്യമായി ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
ഇടത് മുന്നണിയുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ മുതിർന്ന നേതാക്കളാരും തയ്യാറാകുന്നില്ലെന്ന് അമർനാഥ് സാഖ ചൂണ്ടിക്കാട്ടി. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങാൻ പോകുന്നത് വരെ സ്വന്തം പ്രശസ്തിക്കായി മാത്രം നേതാക്കൾ ഓടിനടക്കുകയാണ്. പാർട്ടിയുടെ വളർച്ചയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്കും പണം സമ്പാദിക്കുന്നതിനും മാത്രമാണ് ചിലർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Also Read:കുഞ്ഞികൃഷ്ണൻ ജനങ്ങളുമായി ഇടപഴകാത്ത ‘സർക്കുലർ കമ്യൂണിസ്റ്റ്’! വീടുതോറും എത്തും, തെറ്റുകൾ തിരുത്തും; പയ്യന്നൂർ തിരിച്ചുപിടിക്കാൻ സി.പി.എം. ഇറങ്ങുന്നു
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പല നേതാക്കളുടെയും മനോഭാവം മാറിയെന്നും “സ്വന്തം വയറു നിറഞ്ഞാൽ മാത്രം മതി, പാർട്ടി നശിച്ചാലും കുഴപ്പമില്ല” എന്ന നിലപാടിലാണ് അവരെന്നും എംഎൽഎ തുറന്നടിച്ചു. നേതാക്കളുടെ ഇത്തരത്തിലുള്ള സ്വാർത്ഥ താൽപ്പര്യങ്ങളും നിരുത്തരവാദപരമായ സമീപനങ്ങളും ബംഗാളിൽ പാർട്ടിക്ക് വലിയ രീതിയിൽ തിരിച്ചടിയാകുന്നുണ്ടെന്നും അമർനാഥ് സാഖ മുന്നറിയിപ്പ് നൽകി.
The post സിപിഎമ്മിനെ പ്രതിരോധിക്കാൻ സമയമില്ല, നേതാക്കൾ റീൽസ് കളിയിൽ; സ്വന്തം പാർട്ടി നേതൃത്വത്തിനെതിരെ ബിജെപി എംഎൽഎ appeared first on Express Kerala.

