September 7, 2026

3300 ജീവനക്കാർക്ക് ജോലി നഷ്ടമാകും..! ഡ്രൈവറില്ലാ ടാക്സിയിലേക്ക് തിരിയാനൊരുങ്ങി ഊബർ ?

3300 ജീവനക്കാർക്ക് ജോലി നഷ്ടമാകും..! ഡ്രൈവറില്ലാ ടാക്സിയിലേക്ക് തിരിയാനൊരുങ്ങി ഊബർ ?

കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി അമേരിക്കൻ ആസ്ഥാനമായ ബഹുരാഷ്ട്ര ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയായ ഊബർ. ആഗോള ജീവനക്കാരുടെ എണ്ണത്തിന്റെ ഏകദേശം 10 ശതമാനത്തോളം വരുന്നതാണ് ഈ പിരിച്ചുവിടൽ. കമ്പനി സി.ഇ.ഒ. ദാര ഖോസ്രോഷാഹി ജീവനക്കാർക്ക് അയച്ച ഇ-മെയിലിലൂടെയാണ് തീരുമാനം അറിയിച്ചത്. കമ്പനി അതിവേഗം വളർന്നതോടെ മാനേജ്മെന്റ് തലങ്ങളും ഏകോപന സംവിധാനങ്ങളും വർധിക്കുകയും തീരുമാനങ്ങളെടുക്കൽ കൂടുതൽ സങ്കീർണമാകുകയും ചെയ്തുവെന്നാണ് ഇ-മെയിലിലെ വിശദീകരണം.

സി.ഇ.ഒ.യ്ക്ക് താഴെയുള്ള ഏഴോ അതിലധികമോ റിപ്പോർട്ടിങ് തലങ്ങളിലെ ജീവനക്കാരുടെ എണ്ണം 20 ശതമാനം കുറയ്ക്കും. ഒന്നോ രണ്ടോ അംഗങ്ങൾ മാത്രമുള്ള ചെറിയ സംഘങ്ങളുടെ എണ്ണം പകുതിയായും കുറയ്ക്കും. ആകെ മാനേജർമാരുടെ എണ്ണം 20 ശതമാനം കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ എത്ര മാനേജർമാരെയാണ് നേരിട്ട് പിരിച്ചുവിടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ചില മാനേജർമാരെ മാനേജ്മെന്റ് ചുമതലകളിൽനിന്ന് മാറ്റി വ്യക്തിഗത ജോലി ചുമതലകളിലേക്ക് നിയോഗിക്കും. പിരിച്ചുവിടൽ മാനേജർമാരിൽ മാത്രം ഒതുങ്ങില്ലെന്നും മറ്റ് ജീവനക്കാരെയും ബാധിക്കുമെന്നും ഊബർ വ്യക്തമാക്കി.

ALSO READ:വില കുറയ്ക്കണം! ലോകശക്തികൾ തിരയുന്നത് ‘കുറഞ്ഞ ചെലവിലെ മിടുക്കൻ മിസൈലുകൾ’

See also  ഡൽഹിയിൽ ബോയ്സ് ഹോസ്റ്റൽ തകർന്നു വീണ സംഭവം; കെട്ടിട ഉടമയ്‌ക്കെതിരെ കേസെടുത്തു

ലക്ഷ്യം റോബോ ടാക്സി; 10 ബില്യൺ ഡോളറിലേറെ നിക്ഷേപം

ഭാവിയിലെ വളർച്ചയിൽ ഓട്ടോണോമസ് വാഹനങ്ങൾക്കും റോബോ ടാക്സികൾക്കുമാണ് ഊബർ കൂടുതൽ പ്രാധാന്യം നൽകുന്നത്. അടുത്ത വർഷങ്ങളിൽ റോബോ ടാക്സി മേഖലയിലേക്ക് 10 ബില്യൺ ഡോളറിലേറെ നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. വേമോ, ടെസ്‌ല തുടങ്ങിയ കമ്പനികൾ ഡ്രൈവറില്ലാ ടാക്സി രംഗത്ത് മുന്നേറുന്നതിനിടെയാണ് ഊബറിന്റെ ഈ നീക്കം. ഡ്രൈവറില്ലാ വാഹനങ്ങളുടെ ഉപയോഗം വ്യാപകമായാലും യാത്രക്കാരെയും വാഹനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന പ്ലാറ്റ്ഫോമായി തുടരുകയാണ് ഊബറിന്റെ ലക്ഷ്യം.

2025ന്റെ അവസാനം ഊബറിൽ ഏകദേശം 34,000 ജീവനക്കാരുണ്ടായിരുന്നു. പുതിയ പിരിച്ചുവിടലുകൾ പൂർത്തിയാകുന്നതോടെ ആഗോള ജീവനക്കാരുടെ എണ്ണം 30,000ൽ താഴെയാകും. 2021ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജീവനക്കാരുടെ എണ്ണത്തിലേക്കാകും കമ്പനി എത്തുക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മേയിൽ ഊബർ ഏകദേശം 6700 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇപ്പോഴത്തെ നീക്കം ഊബറിന്റെ അടുത്ത വളർച്ചാ ഘട്ടത്തിൽ മനുഷ്യശേഷിയേക്കാൾ സാങ്കേതികവിദ്യയ്ക്കും ഡ്രൈവറില്ലാ ഗതാഗത സംവിധാനങ്ങൾക്കും നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്.

The post 3300 ജീവനക്കാർക്ക് ജോലി നഷ്ടമാകും..! ഡ്രൈവറില്ലാ ടാക്സിയിലേക്ക് തിരിയാനൊരുങ്ങി ഊബർ ? appeared first on Express Kerala.

See also  എൽഡിഎഫ് ഭരണത്തിൽ മഷിയിട്ടു നോക്കിയാലും വികസനമില്ല; തകർച്ചകൾ പരിഹരിച്ച് യുഡിഎഫ് വരുമെന്ന് കുഞ്ഞാലിക്കുട്ടി
Spread the love