
നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുമ്പേ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണ തന്ത്രങ്ങളിലും വ്യക്തമായ മുൻതൂക്കം നേടാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി നേതൃത്വം. സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലങ്ങളിൽ ഉൾപ്പെട്ട 30 സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തിൽ തന്നെ പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ എതിരാളികളെ ഞെട്ടിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 12 മുതൽ സംസ്ഥാനവ്യാപകമായി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കും.
പ്രമുഖ നേതാക്കളെ തന്നെ ഗോദയിലിറക്കി നിയമസഭയിൽ ഇത്തവണ അഞ്ചു മുതൽ ഏഴ് വരെ സീറ്റുകൾ ഉറപ്പിക്കാനാണ് പാർട്ടിയുടെ പ്ലാൻ. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് നേമം മണ്ഡലമാണ്. ഇവിടെ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. കഴക്കൂട്ടത്ത് വി. മുരളീധരനും പാലക്കാട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മത്സരരംഗത്തുണ്ടാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
Also Read: കോഹ്‌ലിയുടെ സിംഹാസനത്തിന് അരികിൽ വാർണർ! ടി20 സെഞ്ച്വറികളിൽ പുതിയ ചരിത്രം
ശോഭാ സുരേന്ദ്രനെ കായംകുളത്തും പി.കെ. കൃഷ്ണദാസിനെ കാട്ടാക്കടയിലും മത്സരിപ്പിക്കാനാണ് ധാരണ. തിരുവനന്തപുരം സെൻട്രലിൽ ജി. കൃഷ്ണകുമാർ, ചെങ്ങന്നൂരിൽ കുമ്മനം രാജശേഖരൻ, പാലായിൽ ഷോൺ ജോർജ്, തിരുവല്ലയിൽ അനൂപ് ആന്റണി എന്നിവരുടെ പേരുകളും അന്തിമ പട്ടികയിലുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൾ സൂക്ഷ്മമായി വിശകലനം ചെയ്താണ് ബിജെപി ഇത്തവണ ഓരോ നീക്കവും നടത്തുന്നത്. നാൽപ്പതിനായിരത്തിലധികം വോട്ടുകൾ ലഭിച്ച ഏഴ് മണ്ഡലങ്ങളിലും മുപ്പതിനായിരത്തിലധികം വോട്ടുകൾ നേടിയ 29 മണ്ഡലങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വോട്ട് വിഹിതം വർദ്ധിപ്പിക്കാനാണ് പദ്ധതി. വോട്ടിങ് കുറഞ്ഞ മേഖലകളിൽ മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെയുള്ളവരിൽ വലിയ അഴിച്ചുപണികൾക്കും സാധ്യതയുണ്ട്.
The post ബിജെപിയുടെ സ്ഥാനാർത്ഥികൾ റെഡി! 30 മണ്ഡലങ്ങളിൽ ആദ്യമേ പ്രഖ്യാപനം; നേമവും കഴക്കൂട്ടവും പാലക്കാടും പിടിക്കാൻ വമ്പൻ തന്ത്രങ്ങൾ appeared first on Express Kerala.



