loader image
പുനർജനി; രാഷ്ട്രീയ മോക്ഷമോ അതോ കോൺഗ്രസിന്റെ പതനമോ? കേരളം ഉറ്റുനോക്കുന്ന ആ ‘അഗ്നിപരീക്ഷ’!

പുനർജനി; രാഷ്ട്രീയ മോക്ഷമോ അതോ കോൺഗ്രസിന്റെ പതനമോ? കേരളം ഉറ്റുനോക്കുന്ന ആ ‘അഗ്നിപരീക്ഷ’!

കേരളം മറ്റൊരു തിരഞ്ഞെടുപ്പ് ഗോദയിലേക്ക് നീങ്ങുമ്പോൾ രാഷ്ട്രീയ കളിക്കളത്തിലെ സമവാക്യങ്ങൾ മാറിമറിയുകയാണ്. ഭരണപക്ഷത്തെ അഴിമതി ആരോപണങ്ങളിൽ തളയ്ക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിന് ഇന്ന് സ്വന്തം നേതാവിന്റെ പേരിൽ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കേണ്ടി വരുന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് കാണുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ചുറ്റിപ്പറ്റിയുള്ള ‘പുനർജനി’ വിവാദം വെറുമൊരു നിയമപ്രശ്നമല്ല, മറിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനവിധി നിശ്ചയിക്കുന്ന നിർണ്ണായക ഘടകമായി മാറുകയാണ്.

ഒരു ജനപ്രതിനിധി എന്ന നിലയിൽ നിരന്തരം ധാർമ്മികത പ്രസംഗിക്കുന്ന സതീശൻ, സ്വന്തം പേരിൽ ഉയർന്ന ഗുരുതരമായ ആരോപണങ്ങളിൽ നിന്ന് എങ്ങനെ തലയൂരും എന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കുന്ന ഒന്നാണ്. ഇത് പ്രതിപക്ഷത്തിന്റെ ധാർമ്മികതയെയും വിശ്വാസ്യതയെയും ഒരുപോലെ ചോദ്യം ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു. പ്രളയബാധിതർക്ക് വീട് നിർമ്മിച്ചു നൽകാനായി വി.ഡി. സതീശൻ നേതൃത്വം നൽകിയ ‘പുനർജനി’ പദ്ധതിയാണ് ഇന്ന് രാഷ്ട്രീയ ആയുധമായിരിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചുകൊണ്ട് വിദേശത്തുനിന്ന് കോടികൾ സ്വീകരിച്ചു എന്നതാണ് പ്രധാന ആരോപണം. പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് അനുമതി തേടിയത് കൃത്യമായ നിയമനടപടിയാണെന്ന് സർക്കാർ വ്യക്തമാക്കുമ്പോൾ, ഇതിനെ രാഷ്ട്രീയ പകപോക്കലായി ചിത്രീകരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.

എന്നാൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിക്കുന്ന വലിയൊരു പ്രചാരണായുധമാണിത്. പ്രതിപക്ഷ നേതാവ് തന്നെ അഴിമതി ആരോപണത്തിന്റെ നിഴലിലാവുമ്പോൾ, ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനുള്ള യു.ഡി.എഫിന്റെ തന്ത്രങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയാകും. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് പറയുന്ന സർക്കാർ, അന്വേഷണത്തിലൂടെ സതീശനെ പ്രതിക്കൂട്ടിലാക്കാൻ സാധിച്ചാൽ അത് തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് വലിയ മേൽക്കൈ നൽകും.

See also  സമ്മതപ്രകാരമുള്ള കൗമാര ബന്ധങ്ങൾക്കും പോക്സോ ബാധകം; ‘റോമിയോ–ജൂലിയറ്റ്’ ചട്ടം വരുന്നു

തനിക്കെതിരെയുള്ള നീക്കങ്ങൾ രാഷ്ട്രീയ വേട്ടയാടലാണെന്ന് സതീശൻ ആവർത്തിക്കുന്നത് വോട്ടർമാരുടെ ഇടയിൽ സഹതാപം പിടിച്ചുപറ്റാനാണ്. എന്നാൽ ചോദ്യം അതല്ല. ഒരു ജനപ്രതിനിധിക്ക് നേരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്താനുള്ള സർക്കാർ സംവിധാനത്തിന്റെ ഉത്തരവാദിത്തത്തെ എങ്ങനെയാണ് പകപോക്കലായി കാണാൻ കഴിയുക? സതീശൻ ഉൾപ്പെട്ട ഒരു ട്രസ്റ്റിനാണ് വിദേശ ഫണ്ട് ലഭിച്ചത്. ഈ വിഷയത്തിൽ കൃത്യമായ സുതാര്യത ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട് . തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ, ഇത്തരം ആരോപണങ്ങൾ ഗൗരവകരമായി ജനങ്ങൾക്കിടയിലേക്ക് എത്തും. വോട്ടർമാരുടെ മുൻപിൽ പ്രതിപക്ഷത്തെ വിശ്വസിക്കാൻ കൊള്ളാത്തവരായി ചിത്രീകരിക്കാൻ പുനർജനി കേസ് ഒരു ഉപകരണമായി മാറും.

കേരള രാഷ്ട്രീയത്തിലെ ‘തിരിച്ചടികളുടെ’ ചരിത്രമാണ് ഇവിടെ ആവർത്തിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി ആരോപിച്ചാണ് യു.ഡി.എഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. ഇന്ന് സമാനമായ രീതിയിൽ ‘പുനർജനി’ എന്ന ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് സതീശനും പ്രതിക്കൂട്ടിലാകുന്നു. “അന്വേഷണത്തെ ഭയക്കുന്നത് എന്തിന്?” എന്ന് ചോദിച്ചവർക്ക് ഇന്ന് അതേ ചോദ്യത്തിന് മറുപടി നൽകേണ്ടി വരുന്നു. ആരോപണ വിധേയനായ നേതാവ് സ്ഥാനമൊഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്ന പഴയ നിലപാടുകൾ ഭരണപക്ഷം സതീശനെതിരെ ആയുധമാക്കുകയാണ്.

See also  മാറനല്ലൂരിൽ മോഷണം; 15 പവൻ കവർന്നു, 10 പവൻ അടുക്കളയിൽ ഉപേക്ഷിച്ചു

പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളുടെ മൂർച്ച കുറയ്ക്കാൻ ഈ വിവാദം വഴി സാധിക്കും. സതീശനെതിരെയുള്ള വിജിലൻസ് നീക്കങ്ങൾ ഓരോ ഘട്ടത്തിലും മാധ്യമങ്ങളിൽ നിറയുമ്പോൾ, അത് കോൺഗ്രസ് പ്രവർത്തകരുടെ ആവേശം കെടുത്താനും സാധ്യതയുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അഴിമതി വിരുദ്ധ വോട്ടുകൾ ഭിന്നിക്കപ്പെടാൻ ഇത് കാരണമാകും.
ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊണ്ട് കേരള രാഷ്ട്രീയം കലുഷിതമാകുമ്പോൾ, ഇതിന്റെ അന്തിമ വിധി പറയേണ്ടത് ജനങ്ങളാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ സതീശന് തന്റെ നിരപരാധിത്വം തെളിയിക്കാൻ അന്വേഷണത്തെ നേരിടുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. സുതാര്യമായ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ എന്ന ഭരണപക്ഷ നിലപാടിന് ജനപിന്തുണ ലഭിക്കുമോ അതോ ഇതൊരു വേട്ടയാടലായി വോട്ടർമാർ കാണുമോ എന്നതാണ് തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുക.

എങ്കിലും ഒന്നൊറപ്പാണ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വി.ഡി. സതീശനും കോൺഗ്രസും നേരിടുന്ന ഏറ്റവും വലിയ അഗ്നിപരീക്ഷയായിരിക്കും ‘പുനർജനി’. രാഷ്ട്രീയത്തിലെ ധാർമ്മികതയുടെ പോരാട്ടമായി ഇതിനെ മാറ്റാൻ സർക്കാർ ശ്രമിക്കുമ്പോൾ, അതിനെ എങ്ങനെ പ്രതിരോധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ ഭാവി രാഷ്ട്രീയം. സത്യം ജയിക്കട്ടെ, അത് ജനങ്ങളുടെ കോടതിയിൽ തെളിയട്ടെ.

The post പുനർജനി; രാഷ്ട്രീയ മോക്ഷമോ അതോ കോൺഗ്രസിന്റെ പതനമോ? കേരളം ഉറ്റുനോക്കുന്ന ആ ‘അഗ്നിപരീക്ഷ’! appeared first on Express Kerala.

Spread the love

New Report

Close