ഭൂഗോളത്തിന്റെ അധിപനാണെന്ന് സ്വയം പ്രഖ്യാപിച്ച ലോകപോലീസിന്റെ അഹങ്കാരം, മാസങ്ങൾ നീണ്ട ആസൂത്രണം, 150-ലധികം അത്യാധുനിക വിമാനങ്ങൾ, വൻ യുദ്ധക്കപ്പലുകൾ… എന്തിനായിരുന്നു ഇത്രയും വലിയ സന്നാഹം? വെറുമൊരു കൊച്ചു രാജ്യമായ വെനസ്വേലയെയും അവിടുത്തെ ഭരണാധികാരിയെയും കീഴ്‌പ്പെടുത്താനോ? അതും സ്വന്തം രാജ്യത്തിന്റെ തൊട്ടടുത്ത് കിടക്കുന്ന ഒരു രാജ്യത്തെ പിടിക്കാനോ! ഇത് അമേരിക്കയുടെ കരുത്തല്ല, മറിച്ച് സോഷ്യലിസ്റ്റ് കരുത്തിനെ അവർ എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ്. എന്നാൽ ആ ഒരൊറ്റ പൊട്ട ബുദ്ധിയിലൂടെ ഡോണൾഡ് ട്രംപ് എന്ന ‘മുതലാളിത്ത സിംഹം’ ആഗോള സമാധാനത്തിന്റെ കടയ്ക്കലാണ് കത്തിവെച്ചിരിക്കുന്നത്. ഇത് നീതിയല്ല, മറിച്ച് ഒരു ജനതയുടെ ആത്മാഭിമാനത്തിന് മേൽ അമേരിക്ക നടത്തിയ പച്ചയായ കടന്നുകയറ്റമാണ്!
2026 ജനുവരി 3-ന്റെ ആ പുലർച്ചെ ലോകം ഒരിക്കലും മറക്കില്ല. കാരക്കാസ് നഗരം ഉറങ്ങിക്കിടക്കെ, അവിടുത്തെ വൈദ്യുതി ഗ്രിഡുകൾ തകർത്ത് ആ രാജ്യത്തെ മുഴുവൻ ഇരുട്ടിലാക്കിക്കൊണ്ടാണ് അമേരിക്കൻ സേന ഇരച്ചുകയറിയത്. 150-ഓളം പോർവിമാനങ്ങൾ ആകാശത്ത് മരണതാണ്ഡവമാടി. ജനറൽ ഡാൻ കെയ്ൻ വീമ്പിളക്കുന്നത് പോലെ, മഡുറോയുടെ ഓരോ ശ്വാസം പോലും ട്രാക്ക് ചെയ്യാൻ മാസങ്ങളാണ് ഇവർ ചെലവഴിച്ചത്. ഡെൽറ്റ ഫോഴ്സും എഫ്ബിഐയും ചേർന്ന് ആ ഭരണാധികാരിയെയും ഭാര്യയെയും സ്വന്തം കിടപ്പറയിൽ നിന്ന് പിടികൂടി കണ്ണുകൾ കെട്ടി യുഎസ്എസ് ഇവോ ജിമ എന്ന യുദ്ധക്കപ്പലിലേക്ക് മാറ്റി.
Also Read: ട്രംപിനും കൂട്ടർക്കും പണികിട്ടും! ഏത് പ്രസിഡന്റും അഴിയെണ്ണും, അധികാരത്തിന്റെ കവചം തുളയും
കണ്ണുകൾ കെട്ടിയിരിക്കുന്ന മഡുറോയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ആവേശം കൊള്ളുന്ന ട്രംപ് ഒരു കാര്യം മറന്നുപോയി—നിങ്ങൾ ഒരു വ്യക്തിയെയാണ് തടവിലാക്കിയത്, ഒരു ആശയത്തെയല്ല! മയക്കുമരുന്ന്-ഭീകരവാദ കുറ്റങ്ങൾ ചുമത്തി ന്യൂയോർക്കിലെ കോടതിയിലേക്ക് മഡുറോയെ വലിച്ചിഴയ്ക്കുമ്പോൾ, ലോകം ചോദിക്കുന്നത് മറ്റൊന്നാണ്; ഒരു പരമാധികാര രാജ്യത്തിന്റെ പ്രസിഡന്റിനെ കടത്തിക്കൊണ്ടുപോയി വിചാരണ ചെയ്യാൻ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളത്? അറ്റോർണി ജനറൽ പാം ബോണ്ടി പറയുന്ന ‘അമേരിക്കൻ നീതി’ യഥാർത്ഥത്തിൽ ലോകം ഭയക്കുന്ന ‘അമേരിക്കൻ അനീതി’യാണ്.
ഇവിടെയാണ് അമേരിക്കൻ ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയ വിരോധാഭാസം നാം കാണുന്നത്. വെനസ്വേലയെ ‘സമ്പന്നരും സ്വതന്ത്രരുമാക്കും’ എന്ന് ട്രംപ് പ്രസംഗിക്കുമ്പോഴും, അദ്ദേഹത്തിന്റെ കണ്ണുകൾ അവിടുത്തെ എണ്ണപ്പാടങ്ങളിലാണ്. എണ്ണ അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കി ലോകത്തിന് വിൽക്കാനുള്ള ട്രംപിന്റെ പദ്ധതി കേവലം ‘ഉദാരമനസ്കത’യല്ല, മറിച്ച് പച്ചയായ വിഭവക്കൊള്ളയാണ്.
Also Read: ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല
ജനാധിപത്യം സംരക്ഷിക്കാനെന്ന പേരിൽ വരുന്നവർ എന്തിനാണ് മറ്റൊരു രാജ്യത്തെ പ്രകൃതിവിഭവങ്ങളിൽ അധികാരം സ്ഥാപിക്കുന്നത്? സ്വന്തം മൂക്കിന് താഴെയുള്ള ഒരു കുഞ്ഞുരാജ്യത്തെ കീഴ്‌പ്പെടുത്താൻ മാസങ്ങൾ നീണ്ട റിഹേഴ്സലും ഇത്രയും സൈനിക സന്നാഹവും വേണ്ടിവന്നു എന്നത് തന്നെ അമേരിക്കൻ സൈന്യത്തിന്റെ ആത്മവിശ്വാസമില്ലായ്മയെയാണ് കാണിക്കുന്നത്.
എന്നാൽ ഒരു കാര്യം പറയാതെ വയ്യ, ട്രംപിന്റെ ഈ എടുത്തുചാട്ടം ലോകത്തെ വലിയൊരു ദുരന്തത്തിലേക്കാണ് നയിക്കാൻ പോകുന്നത്. മഡുറോയെ ബന്ധിയാക്കിയ ഈ നടപടി വെനസ്വേലയിൽ ഒതുങ്ങില്ല; ഇത് ആഗോളതലത്തിൽ വലിയ പ്രതികരണങ്ങൾക്ക് വഴിതുറക്കും.
Also Read: വിളവു തിന്നുന്ന വേലി! പാവ സർക്കാരിനെ വെക്കും, പിന്നെ പഴയ പ്രസിഡന്റിനെ ജയിലിലിടും, എന്ത് സംഭവിക്കും?
ഒരു വശത്ത് സമാധാനത്തെക്കുറിച്ച് പറയുകയും മറുവശത്ത് രാജ്യങ്ങളെ വെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഈ രീതി സോഷ്യലിസ്റ്റ് രാജ്യങ്ങളെ ഏകോപിപ്പിക്കാൻ മാത്രമേ സഹായിക്കൂ. ട്രംപ് കരുതിയത് ഇതൊരു വലിയ വിജയമാണെന്നാണ്, എന്നാൽ വരാനിരിക്കുന്ന വലിയ തിരിച്ചടികളുടെ തുടക്കം മാത്രമാണിത്…
The post മൂക്കിന് താഴെയുള്ള കുഞ്ഞുരാജ്യത്തെ തോൽപ്പിക്കാൻ ഇത്രയും വേണമായിരുന്നോ? അമേരിക്കയുടെ പടപുറപ്പാട് വെറും ‘എലിപിടുത്തം’! appeared first on Express Kerala.



