
അമേരിക്കയിൽ വെച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ നികിത ഗോഡിശാലയുടെ (27) ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതി അർജുൻ ശർമ ലക്ഷങ്ങൾ തട്ടിയെടുത്തതായി വെളിപ്പെടുത്തൽ. കൊലപാതകം നടത്തി ഇന്ത്യയിലേക്ക് കടന്നുകളയുന്നതിന് തൊട്ടുമുമ്പ് ഏകദേശം 3.16 ലക്ഷം രൂപ (3,500 ഡോളർ) അർജുൻ പിൻവലിച്ചതായി നികിതയുടെ സഹോദരി സരസ്വതി വെളിപ്പെടുത്തി. തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അർജുനെ ഇന്റർപോളിന്റെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രതി പണത്തിനായി നികിതയെയും കുടുംബത്തെയും സമ്മർദ്ദത്തിലാക്കിയിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഡിസംബർ 27-ന് അർജുൻ നികിതയോടും സഹോദരിയോടും 5,000 ഡോളർ ആവശ്യപ്പെട്ടു. നേരത്തെ കടം വാങ്ങിയ 4,500 ഡോളറിൽ നിന്ന് 1,000 ഡോളർ പോലും തിരികെ നൽകാതെ വീണ്ടും പണം ചോദിച്ചപ്പോൾ അത് നിരസിച്ചു. ആകെ 4,500 ഡോളറോളം അർജുൻ കുടുംബത്തിന് നൽകാനുണ്ടെന്ന് സഹോദരി ഇന്ത്യൻ എംബസിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Also Read: രണ്ടുദിവസമായി കാണാനില്ല, ഒടുവിൽ കിടപ്പുമുറിയിൽ കത്തിയ നിലയിൽ മൃതദേഹം
മേരിലാന്റിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തിരുന്ന നികിതയെ കാണാനില്ലെന്ന് ജനുവരി രണ്ടിനാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതുവത്സര തലേന്ന് അർജുൻ നികിതയെ കണ്ടിരുന്നതായി പോലീസ് കണ്ടെത്തി. നികിതയെ കാണാതായ അതേ ദിവസം തന്നെ അർജുൻ ഇന്ത്യയിലേക്ക് കടന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടിൽ വെച്ച് ഇയാൾ പിടിയിലാകുന്നത്.
എന്നാൽ, അർജുൻ മകളുടെ കാമുകനായിരുന്നില്ലെന്നും, മുൻ റൂംമേറ്റ് മാത്രമായിരുന്നുവെന്നും പിതാവ് ആനന്ദ് ഗോഡിശാല പറഞ്ഞു. ഡിസംബർ 31ന് പുതുവത്സരാശംസകൾ നേരാനാണ് അവൾ അവസാനമായി വിളിച്ചത്. എന്റെ മകളെ കൊന്നവർക്ക് കഠിനമായ ശിക്ഷ നൽകണം, അദ്ദേഹം ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം.
The post അമേരിക്കയിലെ ഇന്ത്യൻ യുവതിയുടെ മരണം; മുൻ കാമുകൻ കടന്നത് ലക്ഷങ്ങളുമായി appeared first on Express Kerala.



