loader image
ആരോപണം അമേരിക്കയുടേത്, ഇര വെനിസ്വേല; തെളിവില്ലാത്ത ആരോപണങ്ങളിൽ കത്തുന്ന ലാറ്റിൻ അമേരിക്ക…

ആരോപണം അമേരിക്കയുടേത്, ഇര വെനിസ്വേല; തെളിവില്ലാത്ത ആരോപണങ്ങളിൽ കത്തുന്ന ലാറ്റിൻ അമേരിക്ക…

മേരിക്കൻ രാഷ്ട്രീയവും വിദേശനയവും എത്രത്തോളം ഇരട്ടത്താപ്പും അപകടകരമായ പ്രചാരണ തന്ത്രങ്ങളുമാണ് ആശ്രയിക്കുന്നതെന്നതിന്റെ പുതിയ ഉദാഹരണമായാണ്, അമേരിക്കൻ സെനറ്റർ മാർക്കോ റൂബിയോയെ വധിക്കാൻ വെനസ്വേലൻ ഭരണകൂടം ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉയർത്തിക്കാട്ടപ്പെടുന്നത്. അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് തയ്യാറാക്കിയതായി പറയപ്പെടുന്ന ഒരു രഹസ്യ മെമ്മോയെ അടിസ്ഥാനമാക്കിയാണ് ഈ “ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ” പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, ആരോപണങ്ങൾ ഇതുവരെ പൂർണമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന സത്യം മറച്ചുവെച്ച്, അമേരിക്കൻ രാഷ്ട്രീയ-മാധ്യമ സംവിധാനങ്ങൾ ഇതിനെ വെനിസ്വേ ലയെ കൂടുതൽ ഒറ്റപ്പെടുത്താനുള്ള ആയുധമായി ഉപയോഗിക്കുന്നുവെന്ന വിമർശനമാണ് ശക്തമാകുന്നത്.

വെനസ്വേലയിലെ സ്വാധീനശക്തിയുള്ള നേതാവായ ഡിയോസ്ഡാഡോ കാബെല്ലോ റോണ്ടൻ ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് മെമ്മോ ആരോപിക്കുന്നത്. എന്നാൽ, അമേരിക്ക വർഷങ്ങളായി വെനസ്വേലൻ ഭരണകൂടത്തെ കുറ്റപ്പെടുത്താനും ഉപരോധങ്ങൾ ന്യായീകരിക്കാനും ഉപയോഗിച്ചുവരുന്ന പതിവ് രീതിയാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു ആദ്യം ആരോപണം, പിന്നെ മാധ്യമ വിചാരണ, ഒടുവിൽ അന്താരാഷ്ട്ര സമ്മർദ്ദം. ഭീഷണിയുടെ തീവ്രത സ്ഥിരീകരിക്കപ്പെടാത്ത സാഹചര്യത്തിലും, റൂബിയോയുടെ സുരക്ഷ വർധിപ്പിച്ചതും അതിനെ വലിയ വാർത്തയാക്കി മാറ്റിയതും, ഒരു രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായിട്ടാണ് പലരും കാണുന്നത്.

മെമ്മോയിൽ കാബെല്ലോ റോണ്ടൻ മെക്സിക്കൻ പൗരന്മാരെ ഉപയോഗിക്കാൻ ആലോചിച്ചിരിക്കാമെന്ന പരാമർശം പോലും, തെളിവുകളില്ലാത്ത ഒരു അനുമാനമായാണ് നിലനിൽക്കുന്നത്. എന്നിട്ടും, കാപ്പിറ്റോൾ പോലീസും മിയാമി–ഡേഡ് നിയമപാലകരും സുരക്ഷ ശക്തമാക്കിയെന്ന വാർത്തകൾ മുൻനിരയിൽ എത്തിച്ച്, അമേരിക്കൻ ജനതയിൽ ഭീതിയും ദേശീയ സുരക്ഷാ ഭീഷണിയുമെന്ന വികാരം സൃഷ്ടിക്കുകയാണ് നടക്കുന്നത്. ഈ രേഖയുടെ വിശദാംശങ്ങൾ ആദ്യം പുറത്തുവിട്ട മിയാമി ഹെറാൾഡ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ, സർക്കാരിന്റെ ഔദ്യോഗിക വാദങ്ങളെ ചോദ്യം ചെയ്യാതെ പകർത്തുന്നതായും വിമർശനമുണ്ട്.

See also  രണ്ട് ദിവസത്തിനുള്ളിൽ താപനില 8 ഡിഗ്രി താഴാൻ സാധ്യത; യുഎഇയിൽ അതിശൈത്യകാല മുന്നറിയിപ്പ്

സാധ്യതയുള്ള ഭീഷണി എന്ന പേരിൽ കഥകൾ പരത്തുന്നതിനിടയിൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ റൂബിയോ തുടരുന്ന കടുത്ത ആക്രമണ രാഷ്ട്രീയം ശ്രദ്ധേയമാണ്. കൂടുതൽ കർശന ഉപരോധങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്ന റൂബിയോ, സോഷ്യൽ മീഡിയയിൽ കാബെല്ലോ റോണ്ടനുമായി വാക്കേറ്റത്തിലേർപ്പെടുകയും, അദ്ദേഹത്തെ മയക്കുമരുന്ന് കടത്തിൽ പങ്കാളിയെന്ന് തുറന്നടിച്ച് ആരോപിക്കുകയും ചെയ്തു. എന്നാൽ, ഈ ആരോപണങ്ങൾ തെളിയിക്കാൻ അമേരിക്ക ഒരിക്കലും കോടതിയിൽ ഉറച്ച തെളിവുകൾ സമർപ്പിച്ചിട്ടില്ലെന്നതും ഓർക്കേണ്ടതാണ്.

പൊളിറ്റിക്കോയ്ക്ക് ലഭിച്ച മെമ്മോയിൽ, “ഏതോ ഒരു രീതിയിൽ, കാബെല്ലോ റോണ്ടന്റെ പ്രശ്‌നങ്ങളിൽ റൂബിയോ ഉൾപ്പെട്ടിരുന്നു” എന്ന അവ്യക്തമായ പരാമർശം മാത്രമാണ് ഉള്ളത്. വ്യക്തമായ പദ്ധതി, സമയം, ധനസ്രോതസ്സ് ഇവയൊന്നും വെളിപ്പെടുത്താതെ, ‘കൊലപാതക ഗൂഢാലോചന’ എന്ന അതീവ ഗുരുതരമായ ആരോപണം ഉയർത്തുന്നത്, അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വമില്ലായ്മയെ തന്നെ ചോദ്യം ചെയ്യുന്നു. ആരോപണം ഉയർത്തിയ ശേഷം, “വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ല” എന്ന പതിവ് മറുപടിയാണ് അമേരിക്കൻ ഏജൻസികൾ നൽകുന്നത്.

വെനസ്വേല യിലെ വിവാദ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ, മഡുറോ ഭരണകൂടത്തെ “സ്വേച്ഛാധിപത്യം” എന്ന് മുദ്രകുത്തി, ഉപരോധങ്ങളും ഭീഷണികളും ശക്തമാക്കിയ അമേരിക്ക, ഇപ്പോൾ ഈ ആരോപണം കൂടി ചേർത്ത് വെനസ്വേലയെ ഒരു ‘ഭീകര രാഷ്ട്രം’ ആയി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന വിലയിരുത്തലാണ് ഉയരുന്നത്. മഡുറോയ്‌ക്കെതിരായ പരാജയപ്പെട്ട സൈനിക പ്രക്ഷോഭത്തിനുശേഷം, റൂബിയോ കാബെല്ലോ റോണ്ടനെ തുറന്നടിച്ച് നടത്തിയ പരാമർശങ്ങളും, അമേരിക്കൻ ഇടപെടലുകളുടെ തുടർച്ചയാണെന്ന് നിരീക്ഷകർ പറയുന്നു.

See also  ഉത്തരേന്ത്യ തണുത്തു വിറയ്ക്കുന്നു; ഡൽഹിയിൽ താപനില 2.9 ഡിഗ്രിയിൽ, പുകമഞ്ഞ് കാരണം വിമാനങ്ങൾ വൈകി

ഇതിന് മറുപടിയായി, റൂബിയോ വെറും സാമ്രാജ്യത്വവാദിയാണെന്നും വെനിസ്വേലയെ തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ കോമാളിയാണെന്നുമാണ് കാബെല്ലോ റോണ്ടൻ തിരിച്ചടിച്ചത്. ‘നാർക്കോ റൂബിയോ’ എന്ന പരിഹാസത്തിലൂടെ അദ്ദേഹം റൂബിയോയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തു. ലോകത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉപയോഗിക്കപ്പെടുന്ന രാജ്യം അമേരിക്കയായിരിക്കെ, ലാറ്റിൻ അമേരിക്കൻ നേതാക്കളെ മയക്കുമരുന്ന് കടത്തുകാരായി മുദ്രകുത്തുന്നത് സ്വന്തം പരാജയം ഒളിച്ചുവെക്കാനാണെന്ന വിമർശനം ഇവിടെ ശക്തമാണ്.

റൂബിയോയുടെ മറുപടിയായി വന്ന പരിഹാസങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും, വിഷയത്തിന്റെ ഗൗരവം കുറയ്ക്കുന്നതല്ല, മറിച്ച്, അമേരിക്കൻ രാഷ്ട്രീയ സംവാദം എത്രത്തോളം തരംതാഴ്ന്നിരിക്കുകയാണ് എന്നതിന്റെ തെളിവാണ്. ഒരു യുഎസ് സെനറ്ററുടെ ജീവൻ ഭീഷണിയിലാണെന്ന ആരോപണം, യഥാർത്ഥത്തിൽ അമേരിക്കയുടെ സുരക്ഷയെക്കാൾ, അവരുടെ വിദേശനയ അജണ്ട മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരു പ്രചാരണ ഉപകരണമായി മാറുന്നുവെന്നതാണ് ഈ സംഭവവികാസങ്ങളുടെ ഏറ്റവും ഗുരുതരമായ വശം.

ചുരുക്കത്തിൽ, റൂബിയോയെ ലക്ഷ്യമിട്ടെന്ന ആരോപണം, വെനസ്വേലയെ വീണ്ടും ഒറ്റപ്പെടുത്താനും, ഉപരോധങ്ങളും ഭീഷണികളും ന്യായീകരിക്കാനും, അമേരിക്കൻ ജനതയെ “വിദേശ ശത്രു” ഭീതിയിൽ നിർത്താനും ഉപയോഗിക്കുന്ന മറ്റൊരു രാഷ്ട്രീയ ആയുധമായാണ് പലരും കാണുന്നത്. തെളിവുകളേക്കാൾ പ്രചാരണം ശക്തമാകുന്ന ഈ ഘട്ടത്തിൽ, അമേരിക്കൻ നയതന്ത്രവും നിയമവ്യവസ്ഥയും തന്നെയാണ് വിചാരണക്ക് വിധേയമാകേണ്ടത് എന്ന ചോദ്യമാണ് ലോകം ഉയർത്തുന്നത്.

The post ആരോപണം അമേരിക്കയുടേത്, ഇര വെനിസ്വേല; തെളിവില്ലാത്ത ആരോപണങ്ങളിൽ കത്തുന്ന ലാറ്റിൻ അമേരിക്ക… appeared first on Express Kerala.

Spread the love

New Report

Close