
പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റിൽ മത്സരിക്കാനുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നത രൂക്ഷമാകുന്നു. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെ പരസ്യമായി എതിർത്ത് മുതിർന്ന കോൺഗ്രസ് നേതാവ് വി.എസ്. വിജയരാഘവൻ രംഗത്തെത്തി.
പാലക്കാട് മത്സരിക്കാൻ ജില്ലയിൽ തന്നെ മികച്ച നേതാക്കളുണ്ടെന്നും ഇനി പുറത്തുനിന്നുള്ളവർ ഇവിടെ മത്സരിക്കേണ്ട സാഹചര്യമില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. കഴിഞ്ഞ തവണ കോൺഗ്രസിനായി മത്സരിച്ച രാഹുലല്ല ഇപ്പോഴത്തെ രാഹുലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ നിന്നുള്ള യോഗ്യനായ സ്ഥാനാർത്ഥിയെ നിർത്തിയാൽ കോൺഗ്രസിന് മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് സജീവമായി പരിഗണിക്കുന്നതിനിടെ മുതിർന്ന നേതാവ് തന്നെ പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Also Read: എ കെ ബാലന് മറുപടിയുമായി വി ഡി സതീശൻ
രാഹുലിനെ മത്സരിപ്പിക്കരുതെന്ന് ആദ്യം നിലപാടെടുത്ത പി. ജെ. കുര്യൻ, പിന്നീട് അച്ചടക്ക നടപടി പിൻവലിച്ചാൽ രാഹുലിന് മത്സരിക്കാമെന്ന് പറഞ്ഞ് തിരുത്തിയിരുന്നു. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉറച്ച നിലപാട് പറയാൻ ഹൈക്കമാൻഡ് പ്രതിനിധികൾക്കോ യു.ഡി.എഫ് കൺവീനർക്കോ സാധിച്ചിട്ടില്ല. രാഹുലിനെതിരെയുള്ള ക്രിമിനൽ കേസുകളുടെ ഭാവി കൂടി നോക്കി തീരുമാനമെടുക്കാമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ഇപ്പോൾ തന്നെ സീറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞാൽ രാഹുൽ അനുകൂലികളിൽ നിന്ന് സൈബർ ആക്രമണം ഉണ്ടായേക്കുമെന്ന ഭയവും നേതാക്കൾക്കിടയിലുണ്ട്.
The post ‘പാലക്കാട് മത്സരിക്കാൻ ജില്ലയിൽ തന്നെ മികച്ച നേതാക്കളുണ്ട്, ഇനി പുറത്തുനിന്നുള്ളവർ വേണ്ട’; രാഹുലിനെതിരെ വി.എസ്. വിജയരാഘവൻ appeared first on Express Kerala.



