
ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്താതെയും കഠിനമായ വ്യായാമമുറകളിൽ ഏർപ്പെടാതെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് പ്രമുഖ വാസ്കുലർ സർജൻ ഡോ. സുമിത് കപാഡിയ. വെറും രണ്ടാഴ്ച കൊണ്ട് തന്റെ ഒരു രോഗിയുടെ പോസ്റ്റ്-മീൽ (ഭക്ഷണം കഴിഞ്ഞുള്ള) ഷുഗർ ലെവൽ 180-ൽ നിന്ന് 130-ലേക്ക് താഴ്ന്നത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ലളിതമായ മാർഗ്ഗം വിശദീകരിച്ചത്.
എന്താണ് ഈ വിദ്യ?
ഭക്ഷണം കഴിഞ്ഞാലുടൻ പത്ത് മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 30 മുതൽ 35 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ പ്രായമായവർക്കും നടക്കാൻ സൗകര്യമില്ലാത്തവർക്കും ചെയ്യാവുന്ന അതിലും ലളിതമായ മാർഗ്ഗമാണ് ഡോക്ടർ നിർദ്ദേശിക്കുന്നത്. നമ്മുടെ കാൽവണ്ണയിലെ സോളിയസ് എന്ന പേശിയെ കേന്ദ്രീകരിച്ചുള്ള വ്യായാമമാണിത്.
Also Read: ഒരു തരി വട്ടുണ്ടോ? എന്ന് ചോദിക്കുന്നവർക്ക് കൊടുക്കാം ഈ തകർപ്പൻ ‘തരി വട്ട്’!
സോളിയസ് പേശിയുടെ പ്രത്യേകത
ശരീരത്തിലെ ആകെ ഭാരത്തിന്റെ ഒരു ശതമാനം മാത്രമാണ് ഈ പേശിയുള്ളതെങ്കിലും, രക്തത്തിലെ ഗ്ലൂക്കോസിനെ നേരിട്ട് വലിച്ചെടുത്ത് ഊർജ്ജമാക്കി മാറ്റാൻ ഇതിന് അസാധാരണ ശേഷിയുണ്ട്. സാധാരണയായി പേശികൾ ചലിക്കുമ്പോൾ മാത്രമേ ഈ ‘ഗ്ലൂക്കോസ് ടാങ്കുകൾ’ തുറക്കപ്പെടുകയുള്ളൂ. ഭക്ഷണം കഴിഞ്ഞ് അനങ്ങാതെ ഇരിക്കുന്നത് രക്തത്തിൽ പഞ്ചസാര ഉയരാൻ കാരണമാകുന്നു. സോളിയസ് പേശി ശരിയായി പ്രവർത്തിപ്പിച്ചാൽ മണിക്കൂറുകളോളം മെറ്റബോളിസം നിലനിർത്താൻ സാധിക്കും.
എങ്ങനെ ചെയ്യണം?
ഇതിനായി ജിമ്മിൽ പോകുകയോ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കുകയോ വേണ്ട.
- ഒരു കസേരയിലോ മറ്റോ സുഖമായി ഇരിക്കുക.
- പാദത്തിന്റെ മുൻഭാഗം (വിരലുകൾ) തറയിൽ ഉറപ്പിച്ചു വെക്കുക.
- ഉപ്പൂറ്റി മാത്രം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക.
- ഭക്ഷണം കഴിഞ്ഞ് 10 മുതൽ 15 മിനിറ്റിനുള്ളിൽ ഇത് ചെയ്യാൻ തുടങ്ങണം.
- ഏകദേശം 5 മുതൽ 10 മിനിറ്റ് വരെ ഇത്തരത്തിൽ ചെയ്യുന്നത് മികച്ച ഫലം നൽകും.
ഗുണങ്ങൾ
ഭക്ഷണം കഴിഞ്ഞ് അരമണിക്കൂർ പിന്നിടുമ്പോഴാണ് ശരീരത്തിൽ പഞ്ചസാരയുടെ അളവ് പരമാവധിയിൽ എത്തുന്നത്. അതിനാൽ 10-15 മിനിറ്റിനുള്ളിൽ തന്നെ ഈ വ്യായാമം ചെയ്യുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാനും സഹായിക്കും. തിരക്കേറിയ ജീവിതശൈലിയുള്ളവർക്കും വ്യായാമത്തിന് സമയം കണ്ടെത്താൻ പ്രയാസപ്പെടുന്നവർക്കും ഈ രീതി വലിയ ആശ്വാസമാകുമെന്ന് ഡോ. കപാഡിയ വ്യക്തമാക്കി.
The post ജിമ്മിൽ പോകണ്ട, ഡയറ്റും മാറ്റണ്ട; രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ലളിതവിദ്യ appeared first on Express Kerala.



