loader image
‘ചതിയൻ ചന്തു’ പരാമർശം വിടാം; വെള്ളാപ്പള്ളിയുമായുള്ള പോര് അവസാനിപ്പിക്കാൻ ആലപ്പുഴ സി.പി.ഐ

‘ചതിയൻ ചന്തു’ പരാമർശം വിടാം; വെള്ളാപ്പള്ളിയുമായുള്ള പോര് അവസാനിപ്പിക്കാൻ ആലപ്പുഴ സി.പി.ഐ

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള പരസ്യമായ പോര് ഒഴിവാക്കാൻ സി.പി.ഐ ആലപ്പുഴ ജില്ലാ കൗൺസിൽ തീരുമാനിച്ചു. വെള്ളാപ്പള്ളിക്കെതിരായ പ്രതിഷേധങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കാൻ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ജില്ലാ നേതൃത്വം കർശന നിർദേശം നൽകി.

സി.പി.ഐക്കെതിരെ വെള്ളാപ്പള്ളി നടത്തിയ ‘ചതിയൻ ചന്തു’ പരാമർശം അപക്വവും അനാവശ്യവുമാണെന്ന് യോഗം വിലയിരുത്തി. ഇതിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അർഹമായ മറുപടി നൽകിക്കഴിഞ്ഞു. അതിനപ്പുറത്തേക്ക് ഈ തർക്കം നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നാണ് ജില്ലാ ഘടകത്തിന്റെ അഭിപ്രായം. രണ്ട് മാസം മുൻപ് മന്ത്രി പി. പ്രസാദിന്റെ പേഴ്സണൽ സ്റ്റാഫംഗം വെള്ളാപ്പള്ളിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിൽ ജാഗ്രതക്കുറവുണ്ടായെന്ന് യോഗത്തിൽ വിമർശനമുയർന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ ഇയാൾക്കെതിരെ നിലവിൽ നടപടി വേണ്ടെന്നാണ് തീരുമാനം. വിവാദത്തിന് പിന്നാലെ ഇയാളെ ഡ്രൈവർ സ്ഥാനത്തുനിന്ന് മന്ത്രി നേരത്തെ മാറ്റിയിരുന്നു.

Also Read: ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് നേതൃത്വം നൽകിയത് സിപിഐഎം; രമേശ് ചെന്നിത്തല

See also  ഇവിടെ നിന്നാൽ നിങ്ങൾക്ക് നിങ്ങളുടെ ‘നാളെയെ’ കാണാം; 4 കിലോമീറ്റർ ദൂരത്തിൽ 21 മണിക്കൂർ ഒളിപ്പിച്ചു വെച്ച വിസ്മയ ദ്വീപുകൾ!

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ആലപ്പുഴ ജില്ലയിൽ സി.പി.ഐ ആരംഭിച്ചു കഴിഞ്ഞു. പാർട്ടി മത്സരിക്കുന്ന ചേർത്തല, ഹരിപ്പാട് മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാനും പഞ്ചായത്ത് തലത്തിൽ ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങൾക്ക് ചുമതല നൽകാനും ജില്ലാ കൗൺസിൽ തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുകണക്കിൽ വലിയ ഇടിവുണ്ടായില്ലെങ്കിലും ഭരണവിരുദ്ധ വികാരം പ്രകടമായെന്ന് യോഗം വിലയിരുത്തി. മത്സരിച്ച സീറ്റുകളിൽ പകുതിയിടത്ത് പോലും ജയിക്കാൻ കഴിയാത്തത് സംഘടനാപരമായ വീഴ്ചയാണെന്ന് വിമർശനമുയർന്നു. പാർട്ടിയിൽ ചില നേതാക്കളെ ഒറ്റപ്പെടുത്തുന്ന ഏകപക്ഷീയമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇത് തിരുത്തിയില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും യോഗത്തിൽ മുന്നറിയിപ്പുണ്ടായി. കുട്ടനാട് മേഖലയിലെ പരാജയത്തിന് കാരണം സി.പി.എമ്മിന്റെ ‘വല്യേട്ടൻ’ മനോഭാവമാണെന്ന് യോഗത്തിൽ രൂക്ഷമായ വിമർശനമുയർന്നു. സി.പി.എം നേതാക്കളുടെ ധാർഷ്ട്യവും മുന്നണിയിലെ ചെറിയ കക്ഷികളോടുള്ള സമീപനവും തിരിച്ചടിയായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

The post ‘ചതിയൻ ചന്തു’ പരാമർശം വിടാം; വെള്ളാപ്പള്ളിയുമായുള്ള പോര് അവസാനിപ്പിക്കാൻ ആലപ്പുഴ സി.പി.ഐ appeared first on Express Kerala.

Spread the love

New Report

Close