മയക്കുമരുന്ന് കേസിൽ പ്രമുഖ ടെലിവിഷൻ അവതാരക ഉൾപ്പെടെ 11 പേർക്ക് വധശിക്ഷ; 750 കിലോയിലേറെ മയക്കുമരുന്ന് പിടിച്ചെടുത്തതായി റിപ്പോർട്ട് | Sarah Khalifa Egypt drug case
Current: മലയാളം

കെയ്റോ: വൻതോതിലുള്ള മയക്കുമരുന്ന് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ ഈജിപ്ഷ്യൻ ടെലിവിഷൻ അവതാരക സാറ ഖലീഫ ഉൾപ്പെടെ 11 പേർക്ക് കെയ്റോ കോടതി വധശിക്ഷ വിധിച്ചു (Sarah Khalifa Egypt drug case). കേസിലെ മറ്റ് പ്രതികളിൽ ഒമ്പത് പേർക്ക് ജീവപര്യന്തം തടവും ഏഴ് പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. കുറ്റകൃത്യങ്ങളും സുരക്ഷാ വിഷയങ്ങളും കൈകാര്യം ചെയ്തിരുന്ന ‘മിഷൻ ഇംപോസിബിൾ’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് സാറ ഖലീഫ ശ്രദ്ധ നേടിയത്. ടെലിവിഷൻ അവതാരകയ്ക്ക് പുറമെ കോസ്മെറ്റിക് സർജറി ക്ലിനിക്കും പാർട്ടി പരിപാടികൾ സംഘടിപ്പിക്കുന്ന പ്രൊഡക്ഷൻ കമ്പനിയും അവർ നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്.
സിന്തറ്റിക് മയക്കുമരുന്നുകൾ നിർമിക്കുന്നതിനായി വിദേശത്തുനിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്ത് സംഘടിത ക്രിമിനൽ സംഘം രൂപീകരിച്ചെന്നാണ് കോടതിയുടെ കണ്ടെത്തൽ. അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യൽ, മയക്കുമരുന്ന് നിർമ്മാണം, വിതരണം തുടങ്ങിയവയ്ക്കായി സംഘാംഗങ്ങൾക്ക് വ്യത്യസ്ത ചുമതലകൾ നൽകിയിരുന്നതായും കോടതി കണ്ടെത്തി. അന്വേഷണത്തിനിടെ 750 കിലോയിലേറെ മയക്കുമരുന്നും അവ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. മയക്കുമരുന്ന് നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന രണ്ട് അപ്പാർട്ട്മെന്റുകളും ലൈസൻസില്ലാത്ത ആയുധങ്ങളും വെടിയുണ്ടകളും കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
എന്നാൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം സാറ ഖലീഫ നിഷേധിച്ചു. ആന്റി-നാർക്കോട്ടിക് അതോറിറ്റിയുടെ ഓഫീസിൽ മയക്കുമരുന്നിനൊപ്പം ഫോട്ടോ എടുത്തപ്പോഴാണ് ജീവിതത്തിൽ ആദ്യമായി മയക്കുമരുന്ന് കണ്ടതെന്ന് കഴിഞ്ഞ വർഷം കോടതിയിൽ ഹാജരായപ്പോൾ അവർ പറഞ്ഞിരുന്നു. 20 സാക്ഷികളുടെ മൊഴികൾക്കൊപ്പം സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 2025 ഏപ്രിലിലാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സാറ ഖലീഫ അറസ്റ്റിലായത്. ഈജിപ്ഷ്യൻ നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കേസുകളിൽ അന്തിമവിധിക്ക് മുമ്പ് ഗ്രാൻഡ് മുഫ്തിയുടെ അഭിപ്രായത്തിനായി കേസ് അയയ്ക്കുന്ന നടപടിക്രമമുണ്ട്. ഈ നടപടിക്രമം പൂർത്തിയാക്കിയ ശേഷമാണ് കെയ്റോ കോടതി അന്തിമ വിധി പ്രഖ്യാപിച്ചത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സാറ ഖലീഫയ്ക്കും മറ്റ് പ്രതികൾക്കും ഈജിപ്തിലെ പരമോന്നത ക്രിമിനൽ കോടതിയായ കോർട്ട് ഓഫ് കസേഷനിൽ അപ്പീൽ നൽകാൻ അവസരമുണ്ട്. അതേസമയം, ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന മറ്റൊരു കേസിലും സാറ ഖലീഫയ്ക്കും മറ്റ് ചില പ്രതികൾക്കും അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചതായും റിപ്പോർട്ടുണ്ട്.
Summary: An Egyptian court in Cairo sentenced television presenter Sarah Khalifa and 10 others to death in a major synthetic drug manufacturing case. Authorities reportedly seized more than 750 kg of drugs, raw materials, weapons and ammunition during the investigation.




