18ാമത് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം: നിർണ്ണായക ചർച്ചകൾക്ക് പിന്നാലെ പുടിൻ ഡൽഹിയിൽ നിന്ന് മടങ്ങി, റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് മോദിയും ഷീ ജിൻപിങ്ങും | Vladimir Putin

Current: മലയാളം

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മടങ്ങി. രണ്ട് ദിവസം നീണ്ടുനിന്ന ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകളും നടത്തിയാാണ് അദ്ദേഹം റഷ്യയിലേക്ക് തിരിച്ചത്. കൂടുതൽ നീതിയുക്തവും ബഹുമുഖവുമായ പുതിയ ലോക ക്രമത്തിനായി 11 അംഗ ബ്രിക്സ് കൂട്ടായ്മ പ്രവർത്തിക്കുകയാണെന്ന് മടങ്ങുന്നതിന് മുൻപ് പുടിൻ വ്യക്തമാക്കി.(Vladimir Putin Departs India After 18th BRICS Summit 2026 New Delhi Declaration)
സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ ഇന്ത്യ-റഷ്യ സഹകരണം ഇരുനേതാക്കളും ചർച്ച ചെയ്തു. പതിനെട്ടാമത് ഉച്ചകോടിയുടെ ഭാഗമായി ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ ഏകോപനത്തോടെ അംഗീകരിച്ചു. “ന്യൂഡൽഹി ഡിക്ലറേഷൻ — ബിൽഡിംഗ് ഫോർ റെസിലിയൻസ്, ഇന്നൊവേഷൻ, കോഓപ്പറേഷൻ ആൻഡ് സസ്റ്റൈനബിലിറ്റി” എന്ന തലക്കെട്ടിലുള്ള ഈ രേഖയിൽ ആഗോള ഭരണം, ഭീകരവിരുദ്ധ പ്രവർത്തനം, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, സാങ്കേതികവിദ്യ എന്നീ മേഖലകളെക്കുറിച്ചുള്ള 140 നിർദ്ദേശങ്ങളുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തുടങ്ങിയ പ്രമുഖ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ 11 രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മ ആഗോള ജനസംഖ്യയുടെ 49.5 ശതമാനത്തെയും ആഗോള ജി.ഡി.പിയുടെ (GDP) 40 ശതമാനത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെയും വാഗ്ദാനത്തെ സ്വാഗതം ചെയ്ത് റഷ്യ. ഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തങ്ങളുടെ സന്നദ്ധത അറിയിച്ചതെന്നും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഈ നീക്കത്തെ പരസ്യമായി പ്രശംസിച്ചുവെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.
ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി വ്യക്തമാക്കിയപ്പോൾ, സമാധാനശ്രമങ്ങളിൽ പ്രധാന പങ്കുവഹിക്കാൻ സന്നദ്ധരാണെന്ന നിലപാടാണ് ചൈനയും സ്വീകരിച്ചത്. ഉച്ചകോടിയുടെ ഭാഗമായി സെപ്റ്റംബർ 11-ന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രൈൻ വിഷയത്തിന് പുറമെ കരിങ്കടൽ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ചും പ്രധാനമന്ത്രി ആശങ്കയറിയിച്ചു.
എങ്കിലും സമാധാന ചർച്ചകൾക്ക് റഷ്യ മുന്നോട്ടുവെക്കുന്ന ഉപാധികൾ പാശ്ചാത്യ രാജ്യങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല എന്നത് പ്രധാന വെല്ലുവിളിയായി തുടരുന്നു. നാറ്റോയുടെ വികാസം തടയണമെന്ന റഷ്യയുടെ പ്രധാന ആവശ്യം യുക്രൈനും പാശ്ചാത്യ സഖ്യകക്ഷികളും മുൻപും തള്ളിക്കളഞ്ഞിട്ടുള്ളതാണ്. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ പങ്കാളികളാകാതെ കൃത്യമായ നയതന്ത്ര സന്തുലിതാവസ്ഥ പാലിക്കുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ആഗോളതലത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Story Summary
Russian President Vladimir Putin departed New Delhi on Sunday after participating in the 18th BRICS Summit hosted by India. During his visit, Putin held bilateral talks with PM Narendra Modi, and the 11-member bloc unanimously adopted the 140-point ‘New Delhi Declaration 2026’.




