"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തമിഴ്നാടിന്റെ ക്വാറി നിയന്ത്രണം വിനയായി. കേരളത്തില്‍ മെറ്റല്‍ ക്ഷാമവും ഉയര്‍ന്ന വിലയും. റോഡ് നിര്‍മ്മാണം ഉള്‍പ്പടെ പ്രതിസന്ധിയില്‍

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: റോഡ് നിര്‍മാണത്തിനാവശ്യമായ മെറ്റലിന്റെയും കല്ലുകളുടെയും കടുത്ത ക്ഷാമം മൂലം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സ്തംഭനത്തിലേക്ക്. 

അയല്‍സംസ്ഥാനമായ തമിഴ്നാട് നിര്‍മാണ സാമഗ്രികളുടെ കയറ്റുമതിക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണു കേരളത്തിനു വന്‍ തിരിച്ചടിയായത്.


നേരത്തെ തമിഴ്നാട്ടില്‍ നിന്നു വന്‍തോതില്‍ മെറ്റലും കല്ലും കേരളത്തിലേക്ക് എത്തിയിരുന്നു. 


എന്നാല്‍ ഇതരസംസ്ഥാനങ്ങളിലേക്കു കല്ലും മെറ്റലും കൊണ്ടുപോകുന്നത് തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രിക്കുകയും അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുകയും ചെയ്തതോടെയാണു വിതരണം പൂര്‍ണമായും തടസപ്പെട്ടത്.

സംസ്ഥാനത്തിനുള്ളിലെ ക്വാറികളുടെ എണ്ണത്തില്‍ വന്ന ഭീമമായ കുറവാണു പ്രതിസന്ധിയുടെ ആഴം കൂട്ടുന്നത്. മുന്‍പ് 3,000-ത്തോളം ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്ന കേരളത്തില്‍ നിലവില്‍ 150-ഓളം ക്വാറികള്‍ മാത്രമാണു നിയമപരമായി പ്രവര്‍ത്തിക്കുന്നത്.


 പരിസ്ഥിതി അനുമതികളിലെ സങ്കീര്‍ണതകളും പ്രാദേശിക എതിര്‍പ്പുകളുമാണു ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടാന്‍ കാരണം.


ടാറിന്റെ വിലവര്‍ധനവിനു പുറമെ ആവശ്യത്തിന് മെറ്റല്‍ കൂടി ലഭിക്കാതായതോടെ സംസ്ഥാനത്തെ പ്രമുഖ റോഡ് വികസന പദ്ധതികളും പൂര്‍ണമായി നിലച്ച മട്ടാണ്. 

ക്വാറി ഉല്‍പ്പന്നങ്ങളുടെ ക്ഷാമം കടുത്തതോടെ വിപണിയില്‍ ഇവയുടെ വില കുത്തനെ ഉയര്‍ന്നു. ഇതു കരാറുകാരെയും വലിയ സാമ്പത്തിക ബാധ്യതയിലാക്കിയിട്ടുണ്ട്.

Get more updates from Pudukad News on Google