സ്റ്റേഷനിൽ നിന്ന് ഏഴ് ചാക്ക് ഹാൻസ് മോഷണം; പൊലീസുകാരന് സസ്പെൻഷൻ | Police Officer Suspended Hans Tobacco Seized
Current: മലയാളം

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ (Police Officer Suspended Hans Tobacco Seized). സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ബത്തേരി ഡിവൈഎസ്പി ശുപാർശ ചെയ്തിരുന്നു.
സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസാണ് മോഷണം പോയത്. കഴിഞ്ഞ പത്താം തീയതി റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതൽ കാണാതായ വിവരം കണ്ടെത്തിയത്. താക്കോൽ ഉപയോഗിച്ചാണ് സ്റ്റോർ റൂം തുറന്നതെന്ന് വ്യക്തമായതോടെ സ്റ്റേഷനിലെ പൊലീസുകാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തിന്റെ തുടക്കം.
ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ജൂൺ 26ന് കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച് ജൂലൈ 18ന് രാത്രി 12 മണിക്ക് ശേഷമാണ് അന്ന് ജിഡി ചാർജിലുണ്ടായിരുന്ന സബിത്ത് ഏഴ് ചാക്ക് ഹാൻസ് മോഷ്ടിച്ചത്. സ്വന്തം കാറിലാണ് ഇയാൾ പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുപോയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്തുന്നതിൽ നിർണായകമായത്.
ഓണത്തിന് ശേഷം മെഡിക്കൽ ലീവിലായിരുന്ന സബിത്ത് നിലവിൽ ഒളിവിലാണ്. ഇയാൾക്കെതിരെ വകുപ്പുതല നടപടികൾക്ക് പുറമെ നിയമനടപടികളും തുടരുകയാണ്.
ലഹരിക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടെ, പൊലീസ് സ്റ്റേഷനിൽ തന്നെ തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസുകാരൻ മോഷ്ടിച്ച സംഭവം സേനയ്ക്കും നാണക്കേടായി.
Story Summary:
A senior civil police officer has been suspended after seven sacks of seized banned tobacco products went missing from the Sultan Bathery police station in Wayanad. CCTV footage reportedly helped investigators identify the officer, who is currently absconding.




