ഭൂമിയുടെ ഭ്രമണപഥത്തിൽ ബഹിരാകാശ ആയുധം വിന്യസിച്ചെന്ന് അമേരിക്ക. ശത്രുനീക്കങ്ങളെ തകർക്കാനുള്ള യു.എസ് സേനയുടെ നീക്കത്തെ വിമർശിച്ച് ചൈന. ‘ഗോൾഡൻ ഡോം’ പദ്ധതിയുടെ ഭാഗമെന്ന് ട്രംപിന്റെ വിശദീകരണം. ആകാശക്കോട്ടകളിൽ പുതിയ ആയുധമത്സരം മുറുകുന്നു
Current: മലയാളം

വാഷിങ്ടൺ: ഭൂമിയുടെ ഭ്രമണപഥത്തിൽ ശത്രുക്കളെ പ്രഹരിക്കാൻ ശേഷിയുള്ള ബഹിരാകാശ ആയുധം വിജയകരമായി വിന്യസിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്ക.
ബഹിരാകാശത്ത് ഇത്തരം ആക്രമണശേഷിയുള്ള അത്യാധുനിക സന്നാഹങ്ങൾ നിലയുറപ്പിച്ചിട്ടുണ്ടെന്ന് വാഷിംഗ്ടൺ ഇതാദ്യമായാണ് ലോകത്തിന് മുന്നിൽ പരസ്യമായി സമ്മതിക്കുന്നത്.
എതിരാളികളുടെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ കടന്നുകയറ്റങ്ങളിൽനിന്ന് യു.എസ് സൈന്യത്തെയും രാജ്യത്തിന്റെ തന്ത്രപ്രധാന സംവിധാനങ്ങളെയും സംരക്ഷിക്കാൻ ഈ ആയുധവിന്യാസം അനിവാര്യമാണെന്ന് യു.എസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്ങ്ക് വ്യക്തമാക്കി.
വാർഷിക ‘എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിൽ’ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. ഉയർന്നുവരുന്ന പുത്തൻ സുരക്ഷാ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാൻ രാജ്യം പൂർണ്ണസജ്ജമാണെന്ന് വ്യക്തമാക്കിയെങ്കിലും, ആയുധത്തിന്റെ കൃത്യമായ പ്രഹരശേഷിയെക്കുറിച്ചോ ഏത് കാലയളവിലാണ് ഇത് ഭ്രമണപഥത്തിൽ സ്ഥാപിച്ചതെന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല.
അമേരിക്കയുടെ പരസ്യ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത അതൃപ്തിയും മുന്നറിയിപ്പുമായി ചൈന രംഗത്തെത്തി. ഭ്രമണപഥത്തിൽ പുതിയൊരു ആയുധമത്സരത്തിന് തിരികൊളുത്തരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു.
ആകാശത്തുപോലും സൈനികശേഷി വർദ്ധിപ്പിച്ച് യുദ്ധാന്തരീക്ഷം സൃഷ്ടിക്കാനുള്ള അപകടകരമായ നീക്കങ്ങളിൽനിന്ന് യു.എസ് പിന്മാറണമെന്നും ബീജിംഗ് ആവശ്യപ്പെട്ടു.
എന്നാൽ, ഭാവിയിൽ ഉണ്ടാകാനിടയുള്ള വൻശക്തി സംഘർഷങ്ങളിൽ അമേരിക്കൻ ഉപഗ്രഹങ്ങളെ ആക്രമിച്ച് നിശ്ചലമാക്കാനുള്ള സാങ്കേതികവിദ്യകൾ റഷ്യയും ചൈനയും വ്യാപകമായി പരീക്ഷിച്ചുവരികയാണെന്നും, ഇതിനെ മറികടക്കാൻ ബഹിരാകാശ സൈനിക കരുത്ത് കൂട്ടാതെ മറ്റു വഴിയില്ലെന്നുമാണ് പെന്റഗണിന്റെ നിലപാട്.
രാജ്യത്തെ ശത്രുക്കളുടെ മിസൈൽ ഭീഷണികളിൽനിന്ന് പൂർണ്ണമായി കാത്തുരക്ഷിക്കുന്നതിനായി വിഭാവനം ചെയ്ത ‘ഗോൾഡൻ ഡോം’ പ്രതിരോധ കവചത്തിന്റെ അഭിഭാജ്യ ഘടകമാണ് ഇത്തരം സാങ്കേതികവിദ്യകളെന്ന് ട്രംപ് ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്.
1967-ലെ അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ഭ്രമണപഥത്തിൽ ആയുധങ്ങൾ വിന്യസിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, ആ കരാറിന്റെ പഴുതുകൾ മുതലെടുത്ത് പരസ്പരം ഉപഗ്രഹങ്ങളെ ലക്ഷ്യമിടാനുള്ള ആധുനിക സംവിധാനങ്ങൾ വൻശക്തികളെല്ലാം രഹസ്യമായി വികസിപ്പിച്ചുപോന്നിരുന്നു.
2022-ലെ യുക്രൈൻ അധിനിവേശത്തിന് ശേഷം യൂറോപ്യൻ ഉപഗ്രഹങ്ങളുടെ സിഗ്നലുകൾ രണ്ട് റഷ്യൻ ഉപഗ്രഹങ്ങൾ ചോർത്തിയെന്ന വാർത്തകളും, മറ്റ് ഉപഗ്രഹങ്ങളെ നേരിട്ട് തകർക്കാൻ ശേഷിയുള്ള ഉപഗ്രഹം മോസ്കോ വിക്ഷേപിച്ചെന്ന 2024-ലെ യു.എസ് ആരോപണങ്ങളും ഇതിന് തെളിവായി ഉയർത്തിക്കാട്ടപ്പെടുന്നുണ്ട്.
ചൈനയും തങ്ങളുടെ ബഹിരാകാശ പ്രതിരോധശേഷി ക്രമാതീതമായി ഉയർത്തുന്നതിനിടെ അമേരിക്ക പരസ്യമായിത്തന്നെ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര-സൈനിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.




